ബോട്ട് തകർന്ന് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു


കൊയിലാണ്ടി: ബോട്ട് തകർന്ന് വെള്ളം കയറി കടലിൽ കുടുങ്ങിയ കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയുൾപ്പടെ നാല് മത്സ്യത്തൊഴിലാളികളെ എലത്തൂർ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തി. ബോട്ടുടമ വെള്ളയിൽ അരയൻവീട് രഞ്ജിത്ത് ലാൽ, എരഞ്ഞിക്കൽ കണ്ടൻകുളങ്ങര അബ്ദു, പൊയിൽക്കാവ് ലക്ഷംവീട് കോളനി ഭാഗ്യരാജ്, തലശ്ശേരി തലായ് പുളിക്കൂൽ സുഭാഷ് എന്നിവരെയാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ചാലിയത്തുനിന്ന് മീൻപിടിക്കാൻപോയ നിർമ്മലൻ ഫൈബർ ബോട്ടാണ് രാത്രി എട്ടുമണിയോടെ അടിഭാഗം പൊട്ടിയതിനെത്തുടർന്ന് വെള്ളംകയറി നടുക്കടലിൽ കുടങ്ങിയത്. രാത്രി 12 മണിക്കാണ് അപകടവിവരം കോസ്റ്റൽ പോലീസ് അറിയുന്നത്. തുടർന്ന് പോലീസ്‌സംഘം ബോട്ടിൽചെന്ന് രക്ഷാപ്രവർത്തനം നടത്തി.

വെള്ളിയാഴ്ച പത്തുമണിയോടെയാണ് പുതിയാപ്പ ഹാർബറിൽ തിരിച്ചെത്തിയത്. എലത്തൂർ കോസ്റ്റൽ പോലീസ് എസ്.ഐ. പി.മോഹൻദാസ്, കോസ്റ്റൽ വാർഡൻമാരായ യു.കെ.അഖിൽ, ദിബീഷ്, ബോട്ട് സ്രാങ്ക് സുഭാഷ്, ലാസ്കർമാരായ ശരത്, സുഭാഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.