ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് കാണാതായി; അപകടത്തില്‍പ്പെട്ടത് 15 പേരെന്ന് സൂചന
കോഴിക്കോട്: കോഴിക്കോട് ബേപ്പൂരില്‍ നിന്നും മത്സ്യ ബന്ധനത്തിന് കടലില്‍ പോയ അജ്മീര്‍ഷ എന്ന ബോട്ടിനെ കുറിച്ച് വിവരമില്ലാത്തത് ആശങ്കയാകുന്നു. മെയ് അഞ്ചാം തീയതി കടലില്‍ പോയ ബോട്ടില്‍ പതിനഞ്ച് പേരാണുള്ളത്. ഒരു മാസത്തിന് ശേഷം തിരികെയെത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായ ബോട്ടുകള്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പല തീരങ്ങളില്‍ അടുപ്പിച്ചെങ്കിലും ഈ ബോട്ട് എവിടേയും അടുപ്പിച്ചിട്ടില്ല. ബോട്ടിലുള്ളവരുമായി ബന്ധപ്പെടാനും സാധിച്ചിട്ടില്ല. കോസ്റ്റ് ഗാര്‍ഡ് ബോട്ടിനായി തെരച്ചില്‍ തുടങ്ങും. കെ.പി ഷംസു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
അതേ സമയം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ബോട്ട് ലക്ഷദ്വീപ് വച്ച് മുങ്ങിപ്പോയതില്‍ കാണാതായ 9 മത്സ്യ ബന്ധന തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കോസ്റ്റ്ഗാഡിനൊപ്പം നാവിക സേനയും തെരച്ചില്‍ തുടങ്ങി. രക്ഷപ്രവര്‍ത്തനത്തിനായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട കോസ്റ്റ്ഗാഡിന്റെ കപ്പല്‍ ലക്ഷദ്വീപിലെത്തി. തെരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.