ബേപ്പൂരില്‍നിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു തിരൂര്‍ തീരത്ത് തകര്ന്നടിഞ്ഞനിലയില്; ഉരുവിലുണ്ടായിരുന്ന എട്ടുപേരും രക്ഷപ്പെട്ടു
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തുനിന്നും ലക്ഷദ്വീപിലെ മിനിക്കോയിയിലേക്ക് ചരക്കുമായി പോയ ഉരു മണല്‍ത്തിട്ടയിലിടിച്ച് തകര്‍ന്നു മുങ്ങി. തണ്ടാന്‍ (ക്യാപ്റ്റന്‍) കടലൂര്‍ സ്വദേശി അമ്പു ഉള്‍പ്പെടെ എട്ടുപേരും രക്ഷപ്പെട്ടു. ചരക്കുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടു.
കടല്‍ക്ഷോഭത്തില്‍പ്പെട്ട് നിയന്ത്രണംവിട്ട ഉരു പുറത്തൂര്‍ പടിഞ്ഞാറെക്കര അമ്പലപ്പടി ഭാഗത്ത് കരയില്‍ നിന്നും നൂറ് മീറ്ററോളം ദൂരെയാണ് കരക്കടിഞ്ഞത്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് ഉരു കടലില്‍ ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അമ്പലപ്പടി ഭാഗത്ത് മണല്‍ത്തിട്ടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
അരക്കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തമിഴ്നാട് കടലൂര്‍ സ്വദേശി രാജാമണിയുടെ ഉടമസ്ഥതയിലുള്ള ‘രാജാമണി’ എന്ന ഉരുവാണ് മുങ്ങിയത്. കഴിഞ്ഞ 13ന് ചരക്കു കയറ്റി പോയ ഉരു കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ബേപ്പൂരിലേക്ക് തിരിച്ചു വരികയായിരുന്നു. ഇതിനിടെ കടല്‍ കൂടുതല്‍ ക്ഷോഭിച്ചതിനൊപ്പം ഉരുവിലെ പമ്പും തകരാറിലായി. കരപറ്റാനുള്ള ശ്രമത്തിനിടെയാണ് ഉരു തകര്‍ന്നത്.
ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ മുന്നൊരുക്കള്‍ ഉരുവിലുള്ളവര്‍ക്ക് ഉണ്ടായിരുന്നു. തിരൂര്‍ പൊലീസ്, പൊന്നാനി ഫിഷറീസ്, തിരൂര്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ റോപ്പ് ധരിച്ച 12 പേരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.
ഉരുവില്‍ കെട്ടിട നിര്‍മാണാവശ്യങ്ങള്‍ക്കുള്ള സിമന്റ്, എം സാന്റ്, ഇരുമ്പുരുക്ക് വസ്തുക്കള്‍ തുടങ്ങിയ 25 ലക്ഷത്തോളം രൂപയുടെ ചരക്കുകള്‍ ഉണ്ടായിരുന്നതായി ബേപ്പൂരിലെ വെസല്‍ ചരക്കു കയറ്റുമതിക്കാരുടെ പ്രതിനിധി എ സുദര്ശന് പറഞ്ഞു.