ബേക്കലിൽ വള്ളം തകർന്ന് കടലിൽ അകപ്പെട്ട അഞ്ച് പേരെയും രക്ഷപ്പെടുത്തി


കാസർകോട്: ബേക്കലിൽ തോണിയപകടത്തിൽപ്പെട്ട് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. മത്സ്യബന്ധനത്തിന് പോയ തിരുവനന്തപുരം സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളെയാണ് ഫിഷറീസ് രക്ഷാസേനയും കോസ്റ്റ് ഗാർഡും കോസ്റ്റൽ സേനയും ചേർന്ന് രക്ഷപ്പെടുത്തിയത്.

ബേക്കലിൽ നിന്നും മറിയം എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ ബോട്ടാണ് അപകടത്തിൽ പെട്ടത്. പത്ത് നോട്ടിക്കൽ മൈൽ ഉൾക്കടലിൽ തിരമാലകളിൽ പെട്ട് തകർന്ന് രണ്ടായി മുറിഞ്ഞ ബോട്ടിൽ പിടിച്ചു കിടക്കുകയായിരുന്നു ദായിറാസ് (37), ശ്യാം (18), ജിമ്മി (21), കുമാർ (43), ഈശ്വർ ഭായ് (58) എന്നിവർ.

ബുധനാഴ്ച രാത്രി 7 മണിയോടെയാണ് അപകടം സംഭവിച്ചത്. വിവരം കിട്ടിയ ഫിഷറീസ് രക്ഷാ സേനയും കോസ്റ്റ് ഗാർഡും കോസ്റ്റൽ സേനയും ചേർന്നാണ് തൊഴിലാളികളെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചിരിക്കുന്നത്. തൊഴിലാളികൾക്ക് ചികിത്സയും മറ്റു അടിയന്തരമായ എല്ലാ സഹായവും ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുള്ളതായി ഫിഷറിസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.