ബൂത്ത് തലത്തില്‍ ‘പന്ന പ്രമുഖ്’ കമ്മിറ്റികള്‍ ഉണ്ടാക്കും; കേരളത്തില്‍ പാര്‍ട്ടി വിപുലീകരിക്കാന്‍ ബി.ജെ.പി
കോഴിക്കോട്: കേരളത്തില്‍ പാര്‍ട്ടി വിപുലീകരണ പദ്ധതിയുടെ ഭാഗമായി ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ‘ പന്ന പ്രമുഖ്’ (വോട്ടര്‍ ലിസ്റ്റ് ഇന്‍-ചാര്‍ജ്) കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനം. അതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ബൂത്തുകളിലും പന്ന പ്രമുഖരെ വിന്യസിക്കും. ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024ലെ പൊതുതെരഞ്ഞെടുപ്പും മുന്നില്‍കണ്ടാണ് ബി.ജെ.പിയുടെ ഈ നീക്കം. കേരളത്തിനു പുറമേ ബി.ജെ.പിക്ക് വേരോട്ടം കുറഞ്ഞ മറ്റ് സംസ്ഥാനങ്ങളെയും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെയും ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ നീക്കം. അടുത്ത ആറ് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് തീരുമാനമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നഡ്ഡ അറിയിച്ചു. ദേശീയ എക്സിക്യുട്ടീവ് യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.