ബീച്ച് ആശുപത്രിയില്‍ അത്യാഹിത വിഭാഗം ഉച്ചവരെ മാത്രം; തീരുമാനം ഡ്യൂട്ടിക്ക് ഡോക്ടര്‍മാരില്ലാത്തതിനെത്തുടര്‍ന്ന്
കോഴിക്കോട്: തീരദേശമേഖലയുള്പ്പെടെ നഗരത്തിലെ ഏറ്റവും കൂടുതല്‍ പേര് ചികിത്സയ്ക്കായി ആശ്രയിക്കുന്ന ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗം ഉച്ചയ്ക്കു ഒന്നുവരെ മാത്രം. കോവിഡ് സ്പെഷല്‍ ആശുപത്രിയാക്കിയതിനാലാണിത്.
കുറ്റിച്ചിറ, പള്ളിക്കണ്ടി, ഇടിയങ്ങര, ഫ്രാന്‍സിസ് റോഡ്, കോയ റോഡ്, കോന്നാട് ബീച്ച്, വെള്ളയില്‍, നടക്കാവ് ഭാഗങ്ങളിലെ സാധാരണക്കാരായ ജനങ്ങളാണ് പ്രധാനമായും ബീച്ച് ആശുപത്രിയെ ആശ്രയിക്കുന്നത്. മഴക്കാലം കൂടിയായതോടെ പകര്‍ച്ചപ്പനിയുള്‍പ്പെടെ വിവിധ തരത്തിലുള്ള അസുഖങ്ങളാണ് കടപ്പുറം മേഖലയെ ബാധിക്കുന്നത്. സാധാരണ പനി മുതല്‍ ഡെങ്കിപ്പനിയും എലിപ്പനിയുമെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ബീച്ച് ആശുപത്രിയില്‍ ഒപി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഉച്ചയ്ക്കുശേഷം ഇവിടെ പരിശോധിക്കുന്നില്ല. വൈകീട്ടും രാത്രിയും എത്തുന്ന രോഗികളോട് സ്വകാര്യ ആശുപത്രികളെ സമീപിക്കാനാണ് ആവശ്യപ്പെടുന്നത്. ഉച്ചയ്ക്കുശേഷം അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കാത്തത് ഡോക്ടര്‍മാര്‍ക്ക് കോവിഡ് ഡ്യൂട്ടി ഉള്ളതിനാലാണെന്ന് സൂപ്രണ്ട് ഡോ. ഉമര്‍ ഫാറൂഖ് പറഞ്ഞു. ഒപി കഴിഞ്ഞാല്‍ ഡോക്ടര്‍മാര്‍ കുറവായിരിക്കും.
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനും അത്യാഹിത വിഭാഗം കൈകാര്യം ചെയ്യുന്നതിനും കൂടെ ഡോക്ടര്‍മാര്‍ തികയില്ല. എന്നതിനാലാണ് വൈകീട്ട് അത്യാഹിത വിഭാഗം ഒഴിവാക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.