ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ഭൂമിയും കെട്ടിടങ്ങളും വില്‍പനയ്ക്ക് വെച്ച് കേന്ദ്രം


ന്യൂഡല്‍ഹി: ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ഭൂമിയും കെട്ടിടങ്ങളും വില്‍പനയ്ക്ക്. ഏകദേശം 970 കോടി രൂപ തറവില നിശ്ചയിച്ചാണ് വില്‍പന. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികള്‍ വിറ്റഴിച്ച് വന്‍ ധനസമ്പാദന പദ്ധതികള്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ഭൂമികള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്.

ബിഎസ്എന്‍എല്ലിന്റെ ഹൈദരാബാദ്, ഛണ്ഡിഗഢ്, ഭാവ്‌നഗര്‍, കൊല്‍ക്കത്ത എന്നിവിടങ്ങിലെ ഭൂമിയും കെട്ടിടങ്ങളും 660 കോടി രൂപയ്ക്കാണ് വില്‍പനയ്ക്ക് വെച്ചത്. എംടിഎന്‍എല്ലിന്റെ വസാരിഹില്‍, മുംബൈയിലെ ഗോര്‍ഖാവ് എന്നിവിടങ്ങിലെ 310 കോടി രൂപയുടെ ഭൂമിയും 1.59 കോടി രൂപ വരെ വിലമതിക്കുന്ന 20ഓളം ഫ്‌ളാറ്റുകളും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസെറ്റ് മാനേജ്‌മെന്റിന്റെ വെബ്‌സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്.

ഡിസംബര്‍ 16നാണ് ലേലം നടക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സുപ്രധാന നീക്കമെന്ന നിലയിലാണ് ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ഭൂമികള്‍ കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്നത്.