ബാലുശ്ശേരി സംഘർഷം; വാർഡ് മെമ്പർ ഉൾപ്പെടെ മൂന്ന് സി.പി.എമ്മുകാർ അറസ്റ്റിൽ


ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തിലെ കരുമലയിൽ വ്യാഴാഴ്ച യു.ഡി.എഫ്. -എൽ.ഡി.എഫ്. സംഘർഷത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ ആക്രമിച്ച സംഭവത്തിൽ ഗ്രാമപ്പഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്ന് സി.പി.എമ്മുകാർ അറസ്റ്റിൽ.

ഒന്നാം വാർഡ് മെമ്പർ കരുമല മണ്ണാംകണ്ടി വിപിൻ (35), പുന്നോറത്ത് മനോജ് (46), കരിങ്കയിൽ താഴെ നഫീർ (35) എന്നിവരെയാണ് ബാലുശ്ശേരി സി.ഐ. രാജേഷ് മനങ്കലത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് യു.ഡി.എഫ്. പ്രകടനത്തിനിടെ ഉണ്ടായ സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാരും ആക്രമിക്കപ്പെട്ടതും പരിക്കേറ്റതും.

യു.ഡി.എഫ് -എൽ.ഡി.എഫ് സംഘർഷവുമായി ബന്ധപ്പെട്ട പരാതിയിൽ ഏഴുമണിയോടെ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പോലീസിനെ ആക്രമിച്ച കേസിൽ അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തത്. കള്ളക്കേസിൽ അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് ബസ് തടഞ്ഞും റോഡിൽ കുത്തിയിരുന്നും സ്റ്റേഷനുമുന്നിൽ മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ പ്രതിഷേധിച്ചു.