ബാലുശ്ശേരി തേനാംകുഴിയിൽ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും 3000 പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു


ബാലുശ്ശേരി: തേനാംകുഴി എസ്.എം.എം.യു.പി സ്‌കൂളിനു സമീപനം നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ഹാന്‍സ് പിടിച്ചെടുത്തു. 100 വലിയ പാക്കറ്റുകളിലായുള്ള 3000 പാക്കറ്റ് ഹാന്‍സാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

നരിക്കുനി കിഴക്കേടത്ത് വിനു കെ. (33), പുന്നശ്ശേരി പുതുക്കുടി പുറായില്‍ ജര്‍ഷാദ് (30), നരിക്കുനി ജിതിന്‍ (29) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരെ അറസ്റ്റു ചെയ്ത് നോട്ടീസ് നല്‍കി വിട്ടയച്ചു.

ബുധനാഴ്ച രാത്രി 7.45നു സ്‌കൂളിനു സമീപം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയ കാര്‍ പൊലീസ് പരിശോധിക്കുകയായിരുന്നു. കുട്ടികള്‍ക്ക് വില്‍ക്കാനായി ലക്ഷ്യമിട്ടുള്ളതാണിതെന്ന് സംശയിക്കുന്നതായി ബാലുശ്ശേരി പൊലീസ് അറിയിച്ചു. KL 11 AA 2919 എന്ന നമ്പറിലുള്ള കാര്‍ പിടിച്ചെടുത്തിട്ടുണ്ട്.