ബാലുശേരിയില്‍ വീടിന്റെ നിലത്ത് പാകിയ ടൈല്‍ പൊട്ടിത്തെറിച്ചു; പരിഭ്രാന്തരായി വീട്ടുകാര്‍
ബാലുശ്ശേരി: നിലത്ത് പാകിയ ടൈലുകള്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് വീട്ടുകാരെ ഭീതിയിലാഴ്ത്തി. കിനാലൂര്‍ ഏര്‍വാടിമുക്കിലെ കുറ്റിക്കണ്ടി ഷിനോദിന്റെ വീട്ടിലാണ് സംഭവം.
ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. വീട്ടുകാരെല്ലാം ഉറങ്ങാന്‍ കിടന്നിരുന്നെന്നും ശബ്ദം കേട്ടാണ് ഡൈനിങ് ഹാളിലേക്ക് വന്നുനോക്കിയതെന്നും ഷിനോദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഹാളിലെ നിലത്ത് പാകിയ ടൈലുകള്‍ പൊട്ടിത്തെറിക്കുന്നതാണ് കണ്ടത്. പരിഭ്രാന്തരായ ഞങ്ങള്‍ ഉടന്‍ തന്നെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വീട്ടില്‍ പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു. ജിയോളജി അധികൃതരെയും വിവരം അറിയിച്ചു. അവര്‍ വീട്ടില്‍ പരിശോധന നടത്തിയെന്നും ടൈലിന്റെ പ്രശ്‌നമാവാനാണ് സാധ്യതയെന്നാണ് പറഞ്ഞതെന്നും ഷിനോദ് പറഞ്ഞു.
ആറുവര്‍ഷം മുമ്പാണ് വീടിന്റെ ഫ്‌ളോര്‍ പണി പൂര്‍ത്തീകരിച്ചത്. ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും ഷിനോദ് പറഞ്ഞു. വ്യാഴാഴ്ച രാവിലെയും ടൈല്‍ ചെറുതായി പൊട്ടി. പിന്നീട് പ്രശ്‌നങ്ങളൊന്നുമില്ല. ഇപ്പോള്‍ കുടുംബസമേതം ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടിക്കൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു.