ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍
കോഴിക്കോട്: ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയെയും ഏഴു വയസുകാരിയേയും ലൈംഗികമായി പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദിനെയാണ് (47) ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.
സംഭവത്തിനുശേഷം ചെന്നൈയിലേക്ക് മുങ്ങി വീണ്ടും കോഴിക്കോട്ടെത്തിയപ്പോഴാണ് പ്രതി പോലീസിന്റെ വലയിലായത്. മറ്റൊരാളുടെ ഫോണില്‍ നിന്ന് സുഹൃത്തുക്കളെ ബന്ധപ്പെട്ടതോടെ ആ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അനേഷണത്തിലാണ് ഇയാള്‍ പിടിയിലാവുന്നത്.
നവംബര്‍ എട്ടിന് കാലത്ത് ഒന്‍പതോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയും സഹോദരന്റെ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് വീട്ടിലെത്തിയ പ്രതി ആദ്യം ഏഴുവയസുകാരിയെ മടിയിലിരുത്തി ലൈംഗികമായി ആക്രമിച്ചു. ഭയന്നോടിയ കുട്ടി തൊഴിലുറപ്പിന് പോയ അച്ഛമ്മയെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെ പ്രതി പീഡിപ്പിച്ചു. വിവരമറിഞ്ഞ് ഇവരുടെ അമ്മ എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പെണ്‍കുട്ടിയും, ഭിന്നശേഷിക്കാരിയും താമരശ്ശേരി മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.
പോക്സോ ഉള്‍പ്പെടെ രണ്ടുകേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. പ്രിതയെ കണ്ടത്തുന്നതിനായി ബാലുശ്ശേരി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.