ബാലുശേരി കിനാലൂർ ഓടക്കാളി ഭഗവതി ക്ഷേത്രത്തിൽ പട്ടികജാതിക്കാരായ കർമികളെ പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതി


ബാലുശേരി: കിനാലൂർ ഓടക്കാളി ഭഗവതി ക്ഷേത്രത്തിൽ പാരമ്പര്യ കർമികൾക്ക്‌ ക്ഷേത്രാചാരം നടത്താൻ ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതി. ആചാരപ്രകാരം കർമം ചെയ്യാൻ അവകാശമുള്ള പുത്തലത്ത് തറവാട്ടിലെ ദാമോദരൻ വാക്കയെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നില്ലെന്നാണ്‌ പരാതി.

ഓടക്കാളിക്കാവിലെ കോയിമ്മസ്ഥാനത്തുള്ള രവീന്ദ്രൻ നായരും അനുയായികളുമാണ് ഓടക്കാളി വാക്കമാരെയും കുടുംബാംഗങ്ങളെയും ജാതീയമായ അവഹേളനങ്ങളോടെ പീഡിപ്പിക്കുന്നതെന്നാണ് ആക്ഷേപം. വർഷങ്ങളായി പട്ടികജാതി വിഭാഗത്തിലെ പാണൻ സമുദായത്തിൽപ്പെട്ടവരാണ് ഓടക്കാളിക്കാവിലെ വാക്ക സ്ഥാനം ഏറ്റെടുത്ത് ആചാരവിധി പ്രകാരമുള്ള കർമങ്ങൾ ചെയ്യുന്നതെന്ന്‌ ദാമോദരൻ വാക്ക വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പൂർവികാചാര പ്രകാരം പുത്തലത്ത് പള്ളിയറയിൽനിന്ന്‌ കൊണ്ടുപോകുന്ന തിരുവായുധം പോലും വേണ്ടെന്നു പറഞ്ഞ് ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതെ കർമിയെ പുറത്താക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ദാമോദരൻ വാക്ക ക്ഷേത്രത്തിനു മുന്നിൽ സമരം നടത്തി.

ബാലുശേരി പൊലീസ്‌ ഇടപെട്ട് 19 ന് ഇരു വിഭാഗത്തെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. ക്ഷേത്രത്തിൽ കർമം ചെയ്യാനുള്ള പട്ടികജാതിക്കാരുടെ അവകാശം ഇല്ലാതാക്കുന്നതിനെതിരെ ഓടക്കാളിക്കാവിലെ പാരമ്പര്യ കർമികൾ സഹായത്തിനായി പട്ടികജാതി ക്ഷേമസമിതിയെ സമീപിച്ചു. വാർത്താ സമ്മേളനത്തിൽ കർമി ദാമോദരൻ വാക്ക, പുത്തലത്ത് കുഞ്ഞിക്കേളു, പികെഎസ് ഏരിയാ പ്രസിഡന്റ്‌ കെ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.