ബസ്സില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവം: പ്രതിയായ കുറ്റ്യാടി സ്വദേശി സവാദ് ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരളാ മെന്‍സ് അസോസിയേഷന്‍
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തിലെ പ്രതി സവാദിന് പിന്തുണയുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. പെണ്‍കുട്ടിയുടേത് വ്യാജ പരാതിയാണെന്നും ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാനുള്ള തന്ത്രമായിരുന്നു പെണ്‍കുട്ടിയുടേതെന്നും അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയയിലാണ് അജിത്ത് കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘സവാദിനെ ഞാന്‍ ജയിലില്‍ കാണാന്‍ പോയിരുന്നു. നിരാശയിലാണ്. പുള്ളിക്കാരന്‍ ആകെ തകര്‍ന്ന് വല്ലാത്ത അവസ്ഥയിലാണ്. ഭക്ഷണം കഴിക്കുന്നില്ല. ആത്മഹത്യ മുന്നില്‍ കണ്ടാണ് സവാദ് ജയിലില്‍ നിന്ന് പുറത്തിറങ്ങുക. പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ആള് എന്തും ചെയ്യാം. അദ്ദേഹത്തിന്റെ കുടുംബത്തിനു പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കുടുംബമൊക്കെ വീട് പൂട്ടിപ്പോയി. അത്യാവശ്യം ഡീസന്റ് ഫാമിലിയാണ്.’ -അജിത്ത് കുമാര്‍ പറഞ്ഞു.
സവാദ് ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ വരെ സാധ്യതയുണ്ടെന്നും ആ മാനസികാവസ്ഥയില്‍ നിന്ന് മാറ്റിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച സവാദിനെ ആലുവ സബ് ജയിലില്‍ നിന്ന് ഹാരം അണിയിച്ച് കൊണ്ടുവരും. ഇതിനായി ഒരുപാട് അംഗങ്ങള്‍ വരും. തങ്ങളൊക്കെ കൂടി സ്വീകരിച്ച് സവാദിന് പുതിയ ജീവിതം നല്‍കുമെന്നും അജിത്ത് കുമാര്‍ വ്യക്തമാക്കി.
തൃശൂര്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിലാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. സിനിമാ നടി കൂടിയായ യാത്രക്കാരിയുടെ അടുത്ത് വന്നിരുന്ന് പ്രതിയായ സവാദ് സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടി ബഹളം വച്ചു. പിന്നാലെയാണ് കണ്ടക്ടറായ പ്രദീപ് അടുത്തെത്തി. അക്രമി ബസില്‍ നിന്ന് ചാടിയിറങ്ങി പ്രദീപിനെ തട്ടിമാറ്റി അകലേക്ക് ഓടി മറഞ്ഞെങ്കിലും വിട്ടുകൊടുക്കാന്‍ പ്രദീപും തയാറായില്ല. പ്രതിയുടെ തൊട്ടുപിന്നാലെ പ്രദീപും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും ഓടി. ഒടുവില്‍ ഒരു കിലോമീറ്ററോളം പിന്നാലെ ഓടി പ്രതിയായ സവാദിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച് തങ്ങളുടെ ബസിലെ യാത്രക്കാരിക്ക് നീതി ഉറപ്പാക്കുകയായിരുന്നു.