ബസ് സ്റ്റാന്റുകളിലെ ഫീസ് പിരിവ്: നിയമലംഘന സമരം നടത്തി യു.ഡി.എഫ്


കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്തിനുകീഴിലുള്ള പഴയതും പുതിയതുമായ രണ്ടു ബസ് സ്റ്റാൻ‍ഡുകളിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഫീസ് പിരിച്ചെടുക്കുന്നത് ലേലംചെയ്ത വിഷയത്തിൽ ഭരണസമിതിക്കുനേരേ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്.

പഞ്ചായത്ത് ക്രമവിരുദ്ധമായാണ് ലേലം നടത്തിയതെന്നും വൻ അഴിമതി ലേലവുമായി ബന്ധപ്പെട്ടുനടത്തിയെന്നും ആരോപിച്ച് പഞ്ചായത്ത് നിയമം ലംഘിച്ചുകൊണ്ടായിരുന്നു സമരപരിപാടി. ബസ് സ്റ്റാൻ‍ഡുകളിൽ വാഹനങ്ങൾ പാർക്കുചെയ്യണമെങ്കിൽ വാടക നൽകണമെന്ന തീരുമാനം ലംഘിച്ചുകൊണ്ട് ഒട്ടേറെ യു.ഡി.എഫ്. പ്രവർത്തകർ ബൈക്ക് റാലിയായി വന്ന് പഴയ സ്റ്റാൻഡിൽ വാടക നൽകാതെ പാർക്ക് ചെയ്യുകയായിരുന്നു.

പഞ്ചായത്തിലെ ആറോളം യു.ഡി.എഫ്. ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു നിയമലംഘനസമരം. കെ.പി.സി.സി. സെക്രട്ടറി വി.എം. ചന്ദ്രൻ പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ചെയർമാൻ പി.കെ. സുരേഷ് അധ്യക്ഷനായി.

ശ്രീജേഷ് ഊരത്ത്, എം.കെ. അബ്ദുറഹ്മാൻ, കെ.പി. അബ്ദുൾ മജീദ്, ഒ.സി. അബ്ദുൾ കരീം, എ.സി. അബ്ദുൾ മജീദ്, സി.സി. സൂപ്പി, ഹാഷിം നമ്പാട്ടിൽ, പി.പി. ആലിക്കുട്ടി, ടി.കെ. കുട്ട്യാലി, എ.ടി. ഗീത, ലീബ സുനിൽ, ജുഗുനു തെക്കയിൽ, എം.പി. കരീം തുടങ്ങിയവർ സംസാരിച്ചു.