ബവ്‌റിജസ് ഔട്ട്ലെറ്റിന്റെ പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ടിലായി ജനം; പേരാമ്പ്രയിലെ ഔട്ട്ലെറ്റ് മാറ്റണമെന്ന ആവശ്യം ശക്തം
പേരാമ്പ്ര: ടൗണിന്റെ ഹൃദയ ഭാഗത്ത് പ്രവർത്തിക്കുന്ന ബവ്റിജസ് കോർപറേഷൻ ഔട്ട്‌ലെറ്റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന മദ്യഷോപ്പിൽ മദ്യം വാങ്ങാൻ എത്തുന്നവർക്ക് വരി നിൽക്കാൻ പോലും സൗകര്യമില്ലാത്തതിനാൽ റോഡിലെ നടപ്പാതയിലും കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലുമാണ് ആളുകൾ കൂട്ടം കൂടി നിൽക്കുന്നത്.
കോവിഡ് വ്യാപന ഭീതിയിൽ വ്യാപാരികൾ ഉൾപ്പെടെ ആശങ്കയിലാണ്. ഈ ഭാഗത്തെ കടകളിൽ സാധനങ്ങൾ വാങ്ങാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കയറാനും മടിക്കുന്നു. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും എത്തുന്നവർ വാഹനങ്ങൾ തോന്നും പടി റോഡിൽ നിർത്തുന്നതിനാൽ ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. നടപ്പാതയിൽ മദ്യത്തിന് വരി നിൽക്കുന്നത് പലപ്പോഴും വാക്കേറ്റത്തിലും സംഘർഷത്തിലും എത്താറുണ്ട്.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണ് പലരും തടിച്ചു കൂടുന്നത്. മത്സ്യമാർക്കറ്റ് അടക്കം വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലത്തു തന്നെയാണ് ഔട്‌ലെറ്റും ഉള്ളത്. മണിക്കൂറുകളോളം നീളുന്ന വരി പതിവ് കാഴ്ചയാണ്. നാട്ടുകാർക്ക് പ്രയാസമില്ലാത്ത സ്ഥലത്തേക്ക് മാറ്റാന്‍ ആവശ്യമായ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
പൈതോത്ത് റോഡിലെ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റാന്‍ സ്ഥലം നോക്കിയപ്പോള്‍ തന്നെ ജനങ്ങള്‍ സമരം തുടങ്ങിയതിനാല്‍ നീക്കം നിര്‍ത്തി വച്ചു. പിന്നീട് മാറ്റാനുള്ള നടപടി ഉണ്ടായില്ല. ഉടൻ തന്നെ മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, എംഎൽഎ, എക്സൈസ് കമ്മിഷണർ, ബവ്റിജസ് കോർപറേഷൻ എംഡി ഉൾപ്പെടെയുള്ളവർക്ക് സിറ്റിസൻസ് ഫോറം ഫോർ പീസ് ആൻഡ് ജസ്റ്റിസ് നിവേദനം നൽകി.