ഫോക്ക്ലോർ അവാർഡ് ജേതാവ് ശ്രീധരൻ തിരുവങ്ങൂരിനെ ആദരിച്ചു


ചേമഞ്ചേരി: പ്രശസ്ത തിറയാട്ടം കലാകാരനും കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ ഏ.പി.ശ്രീധരൻ തിരുവങ്ങൂരിനെ ആദരിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ വീട്ടിലെത്തിയാണ് ആദരിച്ചത്.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശബ്ന ഉമ്മാരിയിൽ, വിജയൻ കണ്ണഞ്ചേരി, സന്ധ്യ ഷിബു, റസീന ഷാഫി, ഗീത മുല്ലോളി, സജിത, രാജലക്ഷ്മി, രാജേഷ് കുന്നുമ്മൽ, വത്സല പുല്യേത്ത് എന്നിവർ പങ്കെടുത്തു.

തൻ്റെ ജീവിതം തന്നെ തിറയാട്ടത്തിനും നാടൻ കലാ പ്രവർത്തനങ്ങൾക്കുമായി ഉഴിഞ്ഞുവെച്ച കലാകാരനാണ് ശ്രീധരൻ തിരുവങ്ങൂർ. തിറയാട്ടം, കോപ്പ് നിർമ്മാണം, മുഖത്തെഴുത്ത്, താളവാദ്യ ഉപകരണങ്ങളിലെ പ്രാവീണ്യം, തോറ്റം പാട്ട്, കരകൗശല വസ്തു നിർമ്മാണം തുടങ്ങി നാടൻ കലകളുടെ വിവിധമേഖലകളിൽ കഴിവു തെളിയിച്ച കലാകാരനാണ് ശ്രീധരൻ. താളപ്പെരുക്കങ്ങളായി തോറ്റം പാടിയുറയിക്കാൻ വലംതല ചെണ്ടയുമായി കുരുത്തോലച്ചമയങ്ങളൊരുക്കി മേലേരിത്തീയിലാടുന്ന കോലക്കാരനായി തിറയാട്ടക്കാവുകളിൽ എന്നും മുഖശ്രീയായി ശ്രീധരനുണ്ടായിരുന്നു.