ഫാസിസ്റ്റുകള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കണമെന്ന് സി.എന്‍ ചന്ദ്രന്‍


പേരാമ്പ്ര: കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കണമെന്നും കര്‍ഷക സമരം ഇത്തരം ഫാസിസ്റ്റ് നയങ്ങങള്‍ക്കെതിരായ സൂചനയാണെന്നും സമൂഹ്യ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്നും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എന്‍ ചന്ദ്രന്‍ പറഞ്ഞു. സി.പി.ഐ പേരാമ്പ്ര മണ്ഡലം പുന:സംഘടനാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന കമ്മറ്റി അംഗം ആര്‍.ശശി അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി.വി ബാലന്‍, സംസ്ഥാന കമ്മിറ്റി അംഗം എം.നാരായണന്‍ മാസ്റ്റര്‍, കെ.കെ ബാലന്‍ മാസ്റ്റര്‍, എ.കെ ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി യുസഫ് കൊറോത്ത് സ്വാഗതം പറഞ്ഞു. സെക്രട്ടറിയായി യൂസഫ് കോറോത്തിനെയും അസി.സെക്രട്ടറിമാരായി ടി.ശിവദാസന്‍, കെ.കെ ഭാസ്‌കരന്‍ മാസ്റ്റര്‍ എന്നിവരെയും തെരഞ്ഞെടുത്തു.