ഫറോക്കില്‍ വീട് കുത്തിത്തുറന്ന് പതിനേഴര പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു


ഫറോക്ക് : കരുവന്‍തിരുത്തിയില്‍ അടച്ചിട്ടവീട്ടിലെ അലമാര കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ച്ച ചെയ്തു. പതിനേഴര പവന്‍ സ്വര്‍ണാഭരണവും ഇരുപതിനായിരം രൂപയുമാണ് കവര്‍ച്ച ചെയ്തത്. കരുവന്‍തിരുത്തി മഠത്തില്‍പ്പാടത്ത് പൂവളപ്പില്‍ സൈനുദിന്റെ വീട്ടിലാണ് മോഷണം നടന്നത്.

സൈനുദിനും കുടുംബവും ചെറുവണ്ണൂരിലെ ഭാര്യവീട്ടിലേക്ക് വ്യാഴാഴ്ച രാത്രി പോയിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. താഴത്തെ മുറിയിലെ അലമാരയിലായിരുന്നു പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്നത്.

മുകളിലത്തെ മുറിയിലെ അലമാരയിലുണ്ടായിരുന്ന പാസ്‌പോര്‍ട്ട്, ആധാര്‍, ആര്‍.സി. ബുക്കും മറ്റു രേഖകളും മോഷണം പോയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മൂന്ന് അലമാരയും കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ടനിലയിലാണുള്ളത്. സൈനുദിന്റെ പരാതിയെത്തുടര്‍ന്ന് ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എ. സിദ്ദീഖ്, ഫറോക്ക് എസ്.എച്ച്.ഒ. ജി. ബാലചന്ദ്രന്‍, എസ്.ഐ.വി.ആര്‍. അരുണ്‍, വിരലടയാള വിദഗ്ധ ശ്രീജയ, ഡോഗ് സ്‌ക്വാഡ് വിഭാഗം അഡീഷണല്‍ എസ്.ഐ. ജയകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധനനടത്തി.