ഫയര്‍ബീറ്റ് സമ്പ്രദായം മാതൃകാപരമായി നടപ്പിലാക്കുമെന്ന് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി
നൊച്ചാട്: ഫയര്‍ബീറ്റ് സമ്പ്രദായം മാതൃകാപരമായി നടപ്പിലാക്കുമെന്ന് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി പറഞ്ഞു. സുരക്ഷാ ഭീഷണികള്‍ പ്രാദേശിക തലത്തില്‍ സൂക്ഷ്മമായി വിലയിരുത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ജനങ്ങളെ ഇത്തരം അപകട സാധ്യതകളെപ്പറ്റി ബോധവാന്മാരാക്കുന്നതിനും പ്രഥമ ചികില്‍സയില്‍ പരിശീലനം നല്‍കുന്നതിനുമാണ് അഗ്‌നി രക്ഷാസേനയുടെ നേതൃത്വത്തില്‍ ഫയര്‍ ബീറ്റ് സമ്പ്രദായം നടപ്പിലാക്കുന്നത്.
സര്‍ക്കാര്‍ സംവിധാനങ്ങളുടേയും പൊതുജനങ്ങളുടേയും ഏകോപനത്തിലൂടെ സുരക്ഷാ പ്രശ്‌നങ്ങളെയും അപകട സാധ്യതകളെയും സുരക്ഷിതമായും കാര്യക്ഷമമായും ആത്മവിശ്വാസത്തോടെയും നേരിടാന്‍ കഴിയുന്ന വിധത്തില്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫയര്‍ ബീറ്റ് സമ്പ്രദായം നടപ്പാക്കുന്നത്. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് ശാരദാ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. ബീറ്റ് ഓഫീസര്‍ ദിലീപ് കണ്ടോത്ത് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നാരായണന്‍, ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ വി.കെ നൗഷാദ് എന്നിവര്‍ സംസാരിച്ചു.