പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത: എം.എൽ.എയുടെ നിസംഗത പ്രതിഷേധാർഹമെന്ന് മുസ്ലിം ലീഗ് നേതാവ് സി.പി.എ അസീസ്


പേരാമ്പ്ര: മലയോര മേഖലയായ പേരാമ്പ്രയിൽ മാത്രം ആയിരത്തോളം വിദ്യാർഥികൾ എസ്.എസ്.എൽ.സിക്ക് ശേഷം തുടർ പഠന സൗകര്യമില്ലാതെ വിഷമിക്കുമ്പോൾ നിസംഗത പാലിക്കുന്ന സ്ഥലം എം.എൽ.എയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് കുറ്റപ്പെടുത്തി. ഫുൾ എ പ്ലസ് കിട്ടിയിട്ടും ഇഷ്ടമുള്ള വിഷയം പഠിക്കാൻ അവസരമില്ലാത്തത് ദു:ഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

നാട്ടിൽ ഇഷ്ടം പോലെ മദ്യശാലകൾ അനുവദിക്കുന്ന സർക്കാർ എന്ത് കൊണ്ടാണ് ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കാത്തതെന്ന് വ്യക്തമാക്കണം. വിദ്യാർത്ഥികളോട് കിട്ടുന്ന വിഷയം എടുത്ത് തൃപ്തിയടയാൻ പറയുന്ന വിദ്യാഭ്യാസ മന്ത്രി പൊതുബോധത്തെ വെല്ലുവിളിക്കുകയാണ്. നിയമസഭയെ പോലും കോമാളിത്തരത്തിൻ്റെ വേദിയാക്കിയ മന്ത്രിയിൽ നിന്നും അദ്ദേഹത്തിൻ്റെ പാർട്ടിയിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശാഖാ തലങ്ങളിൽ മുസ്ലിം യൂത്ത് ലീഗിന്റെ പ്രവർത്തങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന അകം പൊരുൾ ക്യാമ്പയിൻ സംഘടനാ യാത്ര കൂത്താളി പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ് സിറാജ് കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്‌ദീൻ കോയ പ്രമേയ പ്രഭാഷണവും സീനിയർ വൈസ് പ്രസിഡന്റ് സി. ജാഫർ സാദിഖ് പദ്ധതി വിശദീകരണവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങൾ പാലേരി, മണ്ഡലം ലീഗ് സെക്രട്ടറി പി.ടി അഷ്‌റഫ്‌, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ്‌ സിറാജ്, ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, പൂളക്കണ്ടി കുഞ്ഞമ്മത്, അബ്ദുള്ള ബൈത്തുൽ ബർക്ക, സി.കെ ജറീഷ് മാസ്റ്റർ, സലീം മിലാസ്, ഷംസുദ്ദീൻ വടക്കയിൽ, കെ.കെ റഫീഖ്, സത്താർ കീഴരിയൂർ, സുബൈർ ഇളയിടത്ത്, ആഷിഖ് പുല്ല്യോട്ട്, ഇബ്രാഹിം പാലട്ടുകര, എൻ.കെ ഉനൈസ്, പി.സി സുഹൈൽ, അഫ്‌സൽ മുഹമ്മദ് കൂത്താളി, ഫാസിൽ പുന്നോറത്ത് എന്നിവർ സംസാരിച്ചു.

പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സജീർ വണ്ണാൻ കണ്ടി സ്വാഗതവും ട്രഷറർ എൻ കെ ഹാരിസ് നന്ദിയും പറഞ്ഞു.