പ്ലസ് വണ്‍ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ
ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് സ്‌റ്റേ. പരീക്ഷ ഓഫ് ലൈനായി നടത്തുന്നതിനെതിരെ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ആറ്റിങ്ങല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും കോണ്‍ഗ്രസ് കടയ്ക്കാവൂര്‍ മണ്ഡലം പ്രസിഡന്റുമായ റസൂല്‍ ഷാനാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ അന്‍പത് ശതമാനത്തില്‍ അധികാരം കേരളത്തിലാവുകയും ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തിന് മുകളില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഓഫ് ലൈനായി പരീക്ഷ നടത്താനുള്ള നീക്കമാണ് ചോദ്യം ചെയ്തത്.
മോഡല്‍ പരീക്ഷ ഓണ്‍ലൈനായാണ് നടത്തിയത്. ഇനി മറ്റൊരു പരീക്ഷയുടെ ആവശ്യമില്ല. പ്ലസ് വണ്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ വാക്‌സിന്‍ സ്വീകരിച്ചവരല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഓഫ് ലൈന്‍ പരീക്ഷ നടത്തുമെന്നും അതിനാല്‍ കോടതി ഇടപെടണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുകയാണെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന കോടതിയുടെ മുന്‍ ഉത്തരവും ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പ്ലസ് വണ്‍പരീക്ഷ സെപ്റ്റംബര്‍ ആറുമുതല്‍ നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.