പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷാ ഫലം നാളെ, പരീക്ഷാഫലം പ്രഖ്യാപിക്കുക നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക്
തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം ജൂലായ് 28 ബുധനാഴ്ച പ്രഖ്യാപിക്കും. 28-ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാകും ഫലം പ്രഖ്യാപിക്കുക. http://keralaresults.nic.in, http://dhsekerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.
ഇന്നലെ പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇത്തവണ ഉയര്‍ന്ന പരീക്ഷാഫലം ഉണ്ടാകുമെന്നാണ് സൂചന. ഒരു വര്‍ഷം നീണ്ട ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ശേഷം ജനുവരിയില്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളിലെത്താന്‍ കഴിഞ്ഞത്. കൊവിഡ് സാഹചര്യത്തില്‍ വൈകി നടത്താനിരുന്ന പരീക്ഷ രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോകുകയായിരുന്നു.
അടുത്ത മാസം ആദ്യവാരത്തോടെ പ്രവേശന പരീക്ഷകള്‍ നടക്കാനിരിക്കെയാണ് പ്ലസ്ടു കോഴ്സുകളുടെ മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.
അതേസമയം ഗ്രേസ് മാര്‍ക്ക് ഇല്ലാതെയാണ് ഇത്തവണ പരീക്ഷാഫലം വിദ്യാര്‍ത്ഥികളെ തേടിയെത്തുന്നത്. തിയറി-പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ വൈകിയെങ്കിലും മൂല്യനിര്‍ണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്കൂളുകളില്‍ നിന്നും ചെയ്ത് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.