പ്രൗഢമായ ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ സത്യ പ്രതിജ്ഞ ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 44 അംഗങ്ങളുടെയും സത്യപ്രതിജ്ഞ കൊയിലാണ്ടി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച് നടന്നു. കോവിഡ് അനുസരിച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. വരണാധികാരിയായ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ .പി .ഷാജി പുതിയ കൗണ്‍സിലിലെ ഏറ്റവും മുതിര്‍ന്ന അംഗം കോണ്‍ഗ്രസിലെ പി. രത്നവല്ലിക്ക് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അവര്‍ മറ്റ് 43 പേര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. രത്നവല്ലിക്ക് ശേഷം ഒന്നാം വാര്‍ഡില്‍ നിന്ന് വിജയിച്ച സി.പി.എം കൗണ്‍സിലര്‍ മനോഹരി തെക്കയിൽ സത്യപ്രതിജ്ഞ ചെയ്തു. 44 വാര്‍ഡില്‍ നിന്ന് വിജയിച്ച കെ.ടി.സമേഷ് സത്യവാചകം ചൊല്ലിയതോടെയാണ് ചടങ്ങ് പൂർത്തിയായത്. മുന്‍ നഗരസഭ ചെയര്മാന് കെ. സത്യന്, സ്ഥിരം സമിതി ചെയര്‍മാനായിരുന്ന കെ. ഷിജു, നിയുക്ത ചെയര്മാന് സുധ കിഴക്കെപ്പാട്ട് എന്നിവര്‍ സത്യവാചകം ചൊല്ലി. ഫലപ്രഖ്യാപന ദിവസമുണ്ടായ സി.പി.എം ബി.ജെ.പി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി കൗണ്‍സിലര്‍ കെ.കെ. വൈശാഖും സത്യ പ്രതിജ്ഞയ്ക്ക് എത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം സഗരസഭാ കൗണ്‍സിലിന്റെ ആദ്യ യോഗം നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്നു. പി. രത്നവല്ലി അധ്യക്ഷത വഹിച്ചു.
28നാണ് ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും തിരഞ്ഞെടുക്കുക.
സത്യ പ്രതിജ്ഞ ചടങ്ങില്‍ കെ.ദാസന് എം.എല്‍.എ, സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ.മുഹമ്മദ്,മുന്‍ നഗരസഭ വൈസ് ചെയര്മാന് ടി.കെ.ചന്ദ്രന്,കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് സി.സത്യചന്ദ്രന്,എന്‍.സി.പി നേതാവ് ഇ.എസ്.രാജന്,കോണ്‍ഗ്രസ് നേതാവ് വി.ടി.സുരേന്ദ്രന്, രാജേഷ് കീഴരിയൂര്‍, ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം വായനാരി വിനോദ്,ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി.ലിജീഷ്, മുന്‍ കൗണ്‍സിലര്‍മാര്‍,പുതിയ കൗണ്‍സിലര്‍മാരുടെ കുടുംബാംഗങ്ങള്‍ എന്നിവരെല്ലാം പങ്കെടുത്തു.
ടൗണ്‍ഹാളിന് മുറ്റത്ത് സ്ഥാപിച്ച വലിയ സ്ക്രീനില്‍ സത്യ പ്രതിജ്ഞാ ചടങ്ങ് പ്രദര്‍ശിപ്പിച്ചു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക