പ്രിൻസിപ്പലിന്റെ അനാസ്ഥ: പേരാമ്പ്ര സി.കെ.ജി കോളജിൽ വിദ്യാർഥികൾക്ക് പഠനാനുമതി നിഷേധിക്കുന്നതിനെതിരെ എം.എസ്.എഫ് പ്രക്ഷോഭത്തിലേക്കെന്ന് ലത്തീഫ് തുറയൂർ


പേരാമ്പ്ര: വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ നിഷേധിക്കുന്ന സമീപനമാണ് പേരാമ്പ്ര സി.കെ.ജി കോളേജ് പ്രിൻസിപ്പലിന്റെതെന്ന് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ. 328 സീറ്റുകളുള്ള കോളേജിൽ 117 സീറ്റുകൾ അധികമായി അനുവദിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങളില്ല എന്ന കാരണം പറഞ്ഞ് വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുകയാണ് പ്രിൻസിപ്പലെന്നും അദ്ദേഹം പറഞ്ഞു. സി.കെ.ജി കോളജിൽ എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിസന്ധികൾക്കിടയിലും ആത്മാർത്ഥമായി പഠിച്ച് ഉയർന്ന മാർക്കുകൾ കരസ്ഥമാക്കിയ നിരവധി വിദ്യാർത്ഥികളാണ് സ്ഥാപന മേധാവിയുടെ പിടിവാശി കാരണം അഡ്മിഷനിൽ നിന്നും പുറത്താക്കപ്പെടുന്നത്. ഇതുവഴി ലക്ഷങ്ങൾ കൊടുത്ത് വിദ്യാർത്ഥികൾ മറ്റ് കോളജുകളിൽ സീറ്റ് വാങ്ങിക്കേണ്ട ഗതികേടിലാണ്. വിദ്യാർഥികൾക്ക് ലഭിക്കേണ്ടുന്ന ഒന്നരക്കോടിയുടെ മുകളിൽ വരുന്ന തുകയുടെ ആനുകൂല്യങ്ങളാണ് പ്രിൻസിപ്പാൾ പാഴാക്കുന്നതെന്നും ലത്തീഫ് തുറയൂർ പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര സി.കെ.ജി കോളേജിലെ ബി.കോം ഫിനാൻസിൽ നിലവിൽ 60 സീറ്റിൽ നിന്ന് 10 സീറ്റ് വർധിപ്പിക്കാനും ബി.എസ്.സി അപ്ലൈഡ് സ്റ്റാറ്റിറ്റിക്സ് വിത്ത് ഡാറ്റാ സയൻസ് 24 ൽ 31, ബി.എസ്.സി മാത്തമാറ്റിക്സിൽ 48 ൽ 7, ബി.എസ്.സി ഫിസിക്സിൽ 36 ൽ 19, ബി.എ എക്കണോമിസ് 60 ൽ 10, ബി.എ ഇംഗ്ലീഷ് ആൻഡ് ലിറ്റിറേച്ചർ 40 ൽ 30, ബി.എ ഹിസ്റ്ററി 60 ൽ 10 സീറ്റുകൾ എന്നിങ്ങനെ വർധിപ്പിക്കാനുമാണ് അനുമതി ലഭിച്ചത്.

ഇതേ നയം സ്വീകരിച്ച് മുന്നോട്ട് പോകാനാണ് പ്രിൻസിപ്പാളിന്റെ തീരുമാനമെങ്കിൽ വലിയ രീതിയിലുള്ള വിദ്യാർഥി പ്രക്ഷോഭത്തിന് എം.എസ്.എഫ് നേതൃത്വം നൽകുമെന്നും ലത്തീഫ് തുറയൂർ അറിയിച്ചു. യോഗത്തിൽ ദിൽഷാദ് കുന്നിക്കൽ അധ്യക്ഷനായി. അജ്നാസ് കാരയിൽ, റാസിൽ തറമ്മൽ, സൽമാൻ വാളൂർ, അൻസിൽ കീഴരിയൂർ, ഫർഹാൻ ആവള, ആസിഫ് മുയിപ്പോത്ത്, എം.കെ ഫസലുറഹ്മാൻ മേപ്പയ്യൂർ എന്നിവർ പ്രസംഗിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.