കളിപ്പാട്ടവും കളിചിരിയും ഓർമയായി: പ്രിയയും മക്കളും ശൂന്യതയിലേക്ക് മടങ്ങി, ഒരു കുടുംബത്തിന്റെ തീരാ നഷ്ടത്തിൽ വിറങ്ങലിച്ച് നാട്


പേരാമ്പ്ര: മുളിയങ്ങലില്‍ തീകൊളുത്തി മരിച്ച മൂന്ന് പേര്‍ക്കും കണ്ണിരോടെ വിട ചൊല്ലി കുടുംബക്കാരും നാട്ടുകാരും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് എത്തിയത്.

മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ കരച്ചിലടക്കാന്‍ പാടുപെടുകയായിരുന്നു എല്ലാവരും. പ്രിയയുടെയും മക്കളുടെയും മുഖം അവസാനമായി ഒന്നുകാണാന്‍പോലും ആര്‍ക്കും കഴിയാത്തത് എല്ലാവരെയും സങ്കടക്കടലിലാഴ്ത്തി. പ്രിയയുടെ ഭര്‍ത്താവ് പ്രകാശന്റെ ശവകുടീരത്തിനടുത്ത് തന്നെയാണ് മൂന്ന് പേര്‍ക്കും ചിതയൊരുക്കിയത്.

നാല് വയസ്സുകാരി നിവേദിതയുടെയും പതിമൂന്നുകാരി പുണ്യതീര്‍ത്ഥയുടെയും കളികളും തമാശകളും ഇനിയില്ലെന്ന് ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഇന്നലെ വരെ തങ്ങള്‍ക്ക് മുന്നില്‍ ചിരിച്ച് കളിച്ചുകൊണ്ട് പാറിപ്പറന്ന് നടന്ന രണ്ട് പെണ്‍കുഞ്ഞുങ്ങളുടെയും ദാരുണമായ വിയോഗത്തിന്റെ ഞെട്ടലിലാണ് അവരിപ്പോഴും. പ്രിയ വിദ്യാര്‍ത്ഥിയുടെ മരണം അധ്യാപകരെയും ഒപ്പം സഹപാഠികളെയും ദു:ഖത്തിലാഴ്ത്തി.

പ്രിയ മക്കളായ പുണ്യതീര്‍ത്ഥ (13), നിവേദ്യ (നാല്) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മൂന്ന് പേരെയും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

എട്ട് മാസം മുമ്പാണ് പ്രിയയുടെ ഭര്‍ത്താവ് പ്രകാശന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഭര്‍ത്താവിന്റെ പെട്ടന്നുള്ള വിയോഗത്തിനെ തുടര്‍ന്ന് പ്രിയ മാനസികമായി തളര്‍ന്നിരുന്നു. അതിനാല്‍ തന്നെ അവര്‍ക്ക് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇക്കാരണങ്ങള്‍ക്കൊപ്പം സാമ്പത്തിക പരാധീനതകളുമാകാം പ്രിയയെ കൊണ്ട് ഈ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നാണ് അനുമാനം.