പ്രിയപ്പെട്ട ശങ്കരാ, മനുഷ്യരെ ഹൃദയത്തോട് ചേർത്ത് വെക്കുന്ന ആ മാന്ത്രിക വിദ്യ നീ എവിടെ നിന്നാണ് പഠിച്ചത്? ആർ.യു ജയശങ്കറിന്റെ പ്രിയപ്പെട്ട സഖാവ് കെ.പി.എ.റഷീദ് എഴുതുന്നു, ഇന്നാണ് ഓർമദിനം


ഒരു പുതിയ ഉടുപ്പിട്ടാൽ, പുതിയ രീതിയിൽ മുടിവെട്ടിയാൽ, ഒരു സമ്മാനം ലഭിച്ചാൽ, എന്റെ മുന്നിൽവന്നു പ്രദർശിപ്പിച്ചശേഷം പലപ്പോഴും എന്റെ മകൾ ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ട് ‘ഇപ്പോൾ ജയശങ്കറങ്കിൾ എന്തു പറയുമായിരുന്നു?’

ജയശങ്കറങ്കിൾ! നീയിത് കേൾക്കുന്നുണ്ടോ ശങ്കരാ, താൻ ജനിക്കുന്നതിനും വർഷങ്ങൾക്കുമുമ്പേ മരിച്ചുപോയ പപ്പയുടെ പ്രിയസുഹൃത്ത് എന്തു പറഞ്ഞേനെ എന്നെന്റെ മകൾ കൗതുകപ്പെടുന്നത്?

പപ്പയുടെ വീട്ടുകാർക്കുപോലും പപ്പയേക്കാൾ ഇഷ്ടമായിരുന്നു അവനെ, അവനുണ്ടായിരുന്നെങ്കിൽ മോൾക്കും പപ്പയേക്കാൾ ഇഷ്ടം അവനോടാകുമായിരുന്നോ എന്ന മറുചോദ്യത്തിലെ പരിഭവം കൊണ്ട് ഞാനവളുടെ വായടപ്പിക്കും. നിറഞ്ഞുപോകുന്ന കണ്ണുകൾ അവൾ കാണാതിരിക്കാൻ മലർക്കെ തുറിച്ചു പിടിക്കും.

1998 മെയ് 24. പലദിവസങ്ങളിലുമെന്നപോലെ എന്നെ കാലത്തു വീട്ടിൽ വന്നു വിളിച്ചുണർത്തിയത്. പാർട്ടി സംസ്ഥാനജാഥ വരുന്ന ദിവസമാണ്, നല്ല തിരക്കുണ്ട് എന്ന് പറഞ്ഞു പലതും പറഞ്ഞേൽപ്പിച്ചു ഓടിപ്പോയത്. ഉത്തരേന്ത്യയിൽ നിന്ന് അവധിക്ക് വന്ന ഉമേച്ചി വീട്ടിലുണ്ട്, പോയിക്കാണണം എന്ന് പറഞ്ഞത്, അനിയനെ കാണാൻ പോലും കിട്ടിയില്ല എന്ന അവരുടെ പരാതി കേട്ട് ഞാൻ നിന്നെ പാർട്ടി ഓഫീസിൽനിന്നു വിളിച്ചു കൊണ്ടുവന്നത്.

പിന്നെ വൈകുന്നേരം വന്ന ഒരു ഫോൺ വിളി. “ശങ്കരന് ഒരു ചെറിയ അപകടം. പേടിക്കാനൊന്നുമില്ല. നീ ആശുപത്രിയിലേക്ക് വാ…”

കൊയിലാണ്ടി ജനറലാശുപത്രിയിൽ നിന്നെ തേടിനടന്നത്. എല്ലാവരും അറിയുന്നവരായിട്ടും ആരും എന്റെ ചോദ്യങ്ങൾക്കുത്തരം തരാതിരുന്നത്. പിന്നെ എന്റെ ആകാശവും ഭൂമിയും നഷ്ടപ്പെട്ടുപോയത്.

ഇപ്പോഴും നാട്ടിൽവച്ചു ഒരു ബസ് കണ്ടക്ടർ, അല്ലെങ്കിലൊരു ഓട്ടോ ഡ്രൈവർ പണം വാങ്ങാൻ മടിക്കുന്നു. ‘നിങ്ങൾ ജയശങ്കർ സഖാവിന്റെ…’. കൊയിലാണ്ടിപട്ടണത്തിലെ തിരക്കിനിടയിൽ, കണ്ടുമറന്ന മുഖമുള്ള ഒരാൾ നഷ്ടപ്പെട്ട എന്തിനെയോ തിരിച്ചുപിടിക്കാനെന്നപോലെ പൊടുന്നനെ കയ്യിൽ കയറിപ്പിടിക്കുന്നു ‘നിങ്ങൾ ജയശങ്കറേട്ടന്റെ…’.

വയസ്സിനു മൂത്തവർക്കുപോലും ജയശങ്കറേട്ടനാകുന്ന ആ മാന്തികവിദ്യ നീ എവിടെനിന്നാണ് പഠിച്ചെടുത്തത്?

പലപ്പോഴും ആരുടെയെങ്കിലും ചിരി, മിഴിയനക്കം, ഒന്നിച്ചു കേട്ട ഒരുപാട്ട്, എന്നെ സ്ഥലകാലങ്ങളെ മറന്നു നിന്റെ ഓർമകളിലേക്കെറിയുന്നു. റഷീദ് ഇവിടെയൊന്നുമല്ലേ എന്നാരെങ്കിലും തിരിച്ചു വിളിക്കുന്നു.

ജനിച്ചു വളർന്ന നാട്ടിൽ പോകെപ്പോകെ അറിയപ്പെടുന്നത് മൂന്നാലുകൊല്ലം മുമ്പ് മാത്രം വന്നു താമസിച്ച നിന്റെ കൂട്ടുകാരൻ എന്നായിട്ടും അഭിമാനമല്ലാതെ തോന്നിയിട്ടില്ല. അത്രയും പ്രിയങ്കരനായ ഒരാളെ അന്നോളം ആ നാടും കണ്ടിരുന്നില്ലല്ലോ.

ഒരാത്മാവുപോലെ ജീവിച്ചവരിൽ ഒരാൾ പൊടുന്നനെ ഇല്ലാതാകുമ്പോൾ അവിടെ നിറയുന്ന വേദന. രണ്ടു പതിറ്റാണ്ടായിട്ടും അത് തെല്ലുപോലും കുറയുന്നില്ലല്ലോ.

Miss you more today than yesterday, but not as much as tomorrow, dear friend.