പ്രസിഡന്റിന്റെ പ്രതിഷേധം ഫലംകണ്ടു; പേരാമ്പ്ര പഞ്ചായത്ത് വീണ്ടും ബി കാറ്റഗറിയിലേക്ക് മാറ്റിയതായി വി.കെ.പ്രമോദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിനെ സി കാറ്റഗറിയില്‍ നിന്ന് വീണ്ടും ബി കാറ്റഗറിയിലേക്ക് മാറ്റി. പഞ്ചായത്തിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടി.പി.ആര്‍ നിരക്ക് കണക്കാക്കിയതിലുള്ള പിശകാണ് പഞ്ചായത്ത് കാറ്റഗറി സി യിലേക്ക മാറാന്‍ കാരണമായതെന്നും ഇത് കളക്ടറെ ബോധപ്പെടുത്തിയതോടെയാണ് പേരാമ്പ്ര ബി യിലേക്ക് മാറിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പേരാമ്പ്ര പഞ്ചായത്തിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.6 ശതമാനമാണ്. എന്നാല്‍ കലക്ടര്‍ ഉത്തരവില്‍ ഇത് 10.4 ശതമാനമായാണ് രേഖപ്പെടുത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം 10 ശതമാനത്തില്‍ മുകളിലുള്ള പഞ്ചായത്തുകള്‍ കാറ്റഗറി സിയിലാണ് ഉള്‍പ്പെടുക. ഇതോടെ പേരാമ്പ്രയും സി യിലേക്ക് മാറി.

ജൂലൈ 21 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലെ ടി.പി.ആര്‍ അടിസ്ഥാനമാക്കിയായിരുന്നു കാറ്റഗറി നിശ്ചയിക്കേണ്ടിയിരുന്നത്. എന്നാല്‍ പേരാമ്പ്ര പഞ്ചായത്തിലേത് ജൂലൈ 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലേതാണ് കണക്കാക്കിയത്. ഇതോടെ ടി.പി.ആര്‍ നിരക്ക് 0.8 ശതമാനം വര്‍ദ്ധിച്ച് 10 ശതമാനത്തിന് മുകളിലായി. ഇതോടെ പഞ്ചായത്ത് സി യിലേക്ക് മാറി.

ടി.പി.ആര്‍ കണക്കാക്കിയതിലുള്ള പിശക് ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ കോഴിക്കോട് കലക്‌ട്രേറ്റിലെ ഡിസാസ്റ്റര്‍ മാനേജുമെന്റ് സെല്ലുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അവരില്‍ നിന്നും അനുകൂല മറുപടി ലഭിച്ചില്ല. തുടര്‍ന്ന് കോഴിക്കോട് കലക്ടറുമായി പഞ്ചായത്തും എം.എല്‍.എ ടി പി രാമകൃഷ്ണനും നടത്തിയ തുടര്‍ച്ചയായ ചര്‍ച്ചകളിലൂടെയാണ് അനുകൂലമായ തീരുമാനം ലഭിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്ത് കാറ്റഗറി ബി യിലേക്ക് മാററിയതായി കളക്ടടര്‍ പഞ്ചായത്തിനെയും പേരാമ്പ്ര പോലീസിനെയും അറിയിച്ചതായും പ്രസിന്റ് വി.കെ പ്രമോദ് പറഞ്ഞു. പഞ്ചായത്തില്‍ ഇനി ബി കാറ്റഗറിയിലെ നിയന്ത്രണങ്ങളാണ് ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.