പ്രശസ്ത നാടക സംവിധായകൻ എ. ശാന്തകുമാര്‍ അന്തരിച്ചു


കോഴിക്കോട്: പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാര്‍ അന്തരിച്ചു. ദീര്‍ഘനാളായി കാന്‍സര്‍ രോഗബാധിതനായിരുന്നു. രോഗം വീണ്ടു പിടിമുറിക്കിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മരം പെയ്യുന്നു, കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കുരുടന്‍ പൂച്ച, കര്‍ക്കടകം തുടങ്ങിയവ ശാന്തകുമാര്‍ രചിച്ച നാടകങ്ങളില്‍ ചിലതാണ്. ‘മരം പെയ്യുന്നു’ എന്ന നാടകത്തിലൂടെ 2010ല്‍ നാടക രചനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

1999 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ’പെരും കൊല്ലന്‍’ എന്ന നാടകത്തിലൂടെയാണ് ശാന്തകുമാര്‍ ശ്രദ്ധേയനായത്. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നിലമ്പൂര്‍ ബാലന്‍ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായി. കുരുടന്‍ പൂച്ച എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി എന്‍ഡോവ്മെന്റ് അവാര്‍ഡും ‘ചിരുത ചിലതൊക്കെ മറന്നുപോയി’ എന്ന നാടകത്തിന് തോപ്പില്‍ ഭാസി അവാര്‍ഡും ബാലന്‍ കെ നായര്‍ അവാര്‍ഡും ലഭിച്ചിച്ചുണ്ട്. നാടകരചന, സംവിധാനം എന്നിവയ്ക്ക് കേരള സംഗീത നാടക അക്കാദമി അവാര്‍ഡിനും ശാന്തകുമാര്‍ അര്‍ഹനായി.

ഇടശ്ശേരി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, ഭരത് മുരളി അവാര്‍ഡ്, പവനന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌ക്കാരങ്ങള്‍ ശാന്തകുമാറിന്റെ നാടകങ്ങള്‍ക്ക് ലഭിച്ചു. ‘സ്വപ്നവേട്ട’ കാക്കകിനാവ് എന്നീ നാടകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെയും, കേന്ദ്ര സര്‍വ്വകലാശാലയിലെയും ഇംഗ്ലീഷ് വിഭാഗത്തിലെ പഠന വിഷയമായി.