പ്രവാസികള്‍ക്ക് ആശ്വസം; ഇന്ത്യയില്‍നിന്നുള്ള അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍


ന്യൂഡൽഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ സാധാരണ നിലയിലാകുന്നു. കോവിഡ് സാഹചര്യം അനുസരിച്ച് രാജ്യങ്ങളെ മൂന്നായി തിരിച്ചാകും സര്‍വീസ്. വെല്ലുവിളി തീരെ കുറഞ്ഞ രാജ്യങ്ങളിലേക്ക് 100 ശതമാനം സര്‍വീസും തുടങ്ങും. കോവിഡ് വെല്ലുവിളിയുള്ള എന്നാല്‍ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്ക് 75 ശതമാനം സര്‍വീസാകും പുനരാരംഭിക്കുക.

കോവിഡ് വെല്ലുവിളിയുള്ള എന്നാല്‍ എയര്‍ ബബിള്‍ കരാറില്ലാത്ത രാജ്യങ്ങളിലേയ്ക്ക് 50 ശതമാനം സര്‍വീസ് മാത്രമേയുണ്ടാകൂ. വ്യോമയാന, വിനോദസഞ്ചാര മേഖലയുടെ താല്‍പര്യം പരിഗണിച്ചാണ് തീരുമാനം. കോവിഡ് കൂടിയതിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിൽ നിർത്തിവച്ച സർവീസുകൾക്ക് ഈ മാസം 30 വരെയാണ് വിലക്കേർപ്പെടുത്തിയത്.

വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള വിമാനങ്ങൾ, വിദേശ ചരക്കു വിമാനങ്ങൾ, വന്ദേ ഭാരത് സർവീസുകൾ, പ്രത്യേകാനുമതിയുള്ള ചാർട്ടേഡ് വിമാനങ്ങൾ എന്നിവയാണു നിലവിൽ സർവീസ് നടത്തുന്നത്. ക്രിസ്മസ്- പുതുവത്സര അവധി സമയമായതിനാൽ ടിക്കറ്റ് നിരക്കുകൾ വീണ്ടും വർധിക്കുമെന്നാണ് വിവരം.