പ്രവര്‍ത്തകനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി; ആര്‍.എം.പി.ഐയുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്


അഴിയൂര്‍: പഞ്ചായത്തിലെ ആര്‍.എം.പി.ഐ പ്രവര്‍ത്തകനായ അമിത്ത് ചന്ദ്രനെ ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ആര്‍.എം.പി.ഐ ചോമ്പാല പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. തദ്ദേശ തെരെഞ്ഞെടുപ്പ് വേളയില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായി മാഹി റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ അമിത്ത് സഞ്ചരിച്ച ബൈക്ക് പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് പരാതി.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും കാറിന്റെ മുന്‍വശവും തകര്‍ന്നു. അമിത്തിന്റെ തുടയെല്ല് പൊട്ടുകയും ശരീരമാസകലം ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആഴ്ചകളോളം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇയാള്‍ ഇപ്പോള്‍ വീട്ടില്‍ കിടപ്പിലാണ്.

വാഹനം പിടികൂടിയിട്ടും പ്രതികളെ പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണെന്നു ആര്‍.എം.പി.ഐ ആരോപിച്ചു. അമിത്തിനും കുടുംബത്തിനും നീതി ലഭിക്കുന്നതു വരെ നിയമപരമായും സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. അഴിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. മഹിള ഫെഡറേഷന്‍ ഏരിയ സെക്രട്ടറി കെ. മിനിക, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.സുഗതന്‍, വി.പി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക