പ്രദീപിന്റെ മരണത്തിൽ ഞെട്ടൽ മാറാതെ കുടുംബവും ജന്മനാടും; ഹെലികോപ്ടർ അപകടം കിടപ്പിലായ പിതാവിനെ കണ്ട് തിരികെ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ



തൃശൂര്‍: അച്ഛന്റെ അസുഖവിവരം അറിഞ്ഞ് പ്രദീപ് എത്തിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. യാത്രപറഞ്ഞ് പോയി തിരികെ ജോലിയില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസം പ്രദീപ് ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് തൃശൂരിലെ കുടുംബവും നാട്ടുകാരും.

വ്യോമസേനയില്‍ അസിസ്റ്റന്റ് വാറണ്ട് ഓഫീസറായ പ്രദീപ് അറയ്ക്കല്‍ ഭാര്യ ശ്രീലക്ഷ്മിയ്ക്കും അഞ്ചും രണ്ടും വയസുള്ള മക്കള്‍ക്കുമൊപ്പം കൊയമ്പത്തൂരില്‍ സൈനിക ക്വാട്ടേഴ്‌സിലായിരുന്നു താമസം. അച്ഛന് അസുഖമാണെന്ന് അറിഞ്ഞാണ് പ്രദീപ് നാട്ടിലെത്തിയത്. കിടപ്പിലായ അച്ഛനെ ഇതുവരെ മരണവിവരം അറിയിച്ചിട്ടില്ല. സഹോദരന്‍ പ്രസാദ് വിവരം അറിഞ്ഞ് കോയമ്പത്തൂരിലേക്ക് തിരിച്ചിരിക്കുകയാണ്. മകന്റെ വിയോഗം രോഗിയായ അച്ഛനോട് എങ്ങനെ പറയുമെന്നറിയാതെ ആശങ്കയിലാണ് പ്രദേശവാസികള്‍.

പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയശേഷം 2002ലാണ് പ്രദീപ് വ്യോമസേനയില്‍ ചേര്‍ന്നത്. വെപ്പണ്‍ ഫിറ്റര്‍ ആയാണ് നിയമിക്കപ്പെട്ടത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഛത്തീസ്ഗഢിലെ മാവോവാദികള്‍ക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേനാ ഉദ്യമങ്ങളില്‍ പ്രദീപ് പങ്കാളിയായിട്ടുണ്ട്. 2018ലെ പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേനാ താവളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു. ഏറെ ജീവനുകള്‍ രക്ഷിച്ച ഈ ദൗത്യസംഘത്തെ രാഷ്ട്രപതിയും സംസ്ഥാന സര്‍ക്കാറും അഭിനന്ദിച്ചിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.