വാറണ്ട് പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു; എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്ക്


കുറ്റ്യാടി: പ്രതിയെ പിടിക്കാൻ പോയ പോലീസ് സംഘത്തിനു നേരെ അക്രമം. പിടിക്കാനെത്തിയ പോലീസുകാരെ അക്രമിച്ച് വാറണ്ട് പ്രതി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് പൊലീസ് സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്. കുറ്റ്യാടി നിട്ടൂരിലാണ് സംഭവം നടന്നത്.

സിപിഎം പ്രവർത്തകനായ ആമ്പാത്ത് അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയാണ് അശോകൻ. 

എസ്ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സാരമായ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐ വിനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്, സബിൻ, ഹോം ഗാർഡ് സണ്ണി കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പൊലീസ് ജീപ്പും തകർന്നു.