പ്രകൃതി ദുരന്ത നഷ്ടപരിഹാരത്തിന് എങ്ങനെ അപേക്ഷിക്കാം? നഷ്ടപരിഹാരം എന്തിനൊക്കെ? അറിയാം വിശദമായി


കോഴിക്കോട്: കനത്ത മഴ സംസ്ഥാനത്ത് പല നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. കോവിഡും പ്രകൃതി ദുരന്തങ്ങളുമൊക്കെയായപ്പോള്‍ പല കുടുംബങ്ങളും സാമ്പത്തികമായതും അല്ലാത്തതുമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മഴക്കെടുതിയില്‍ 39 പേരാണ് മരിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞത്. 217 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 1393 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടവുമുണ്ടായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പ്രകൃതി ദുരന്തങ്ങളുമായും മറ്റും ബന്ധപ്പെട്ട പല നാശനഷ്ടങ്ങള്‍ക്കും സര്‍ക്കാറില്‍ നിന്നും ധനസഹായം ലഭിക്കും. വീടുകള്‍ക്കും മൃഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ അതത് ഓഫീസുകളില്‍ നേരിട്ട് നല്‍കണം. കൃഷി വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഓണ്‍ലൈനായും അപേക്ഷ നല്‍കാം.

വീടിന് നഷ്ടപരിഹാരം ലഭിക്കാന്‍:

പ്രകൃതി ദുരന്തങ്ങളില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. പൂര്‍ണമായി വാസയോഗ്യമല്ലാത്ത വീടിന് നാലുലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലംവാങ്ങാന്‍ ആറുലക്ഷം രൂപയും കഴിഞ്ഞ പ്രളയസമയത്ത് അനുവദിച്ചിരുന്നു.

15 ശതമാനം വരെ നഷ്ടം സംഭവിച്ചവര്‍ക്ക് 10,000 രൂപയും 16 മുതല്‍ 29ശ വരെ 60,000 രൂപയും 30 മുതല്‍ 59 ശതമാനം വരെ 1,25000 രൂപയും 60 മുതല്‍ 74 ശതമാനം വരെ 2,50,000 രൂപയും 75 ശതമാനത്തിനു മുകളില്‍ നാലുലക്ഷം രൂപയുമാണ് നിലവില്‍ നഷ്ടപരിഹാരമായി നല്‍കുന്നത്.

കൃഷി നശിച്ചാല്‍:

https://www.aims.kerala.gov.in/home എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാവുന്നതാണ്. ഏതൊക്കെ വിളവുകള്‍ക്കാണ് നഷ്ടപരിഹാരം വേണ്ടതെന്ന് പോര്‍ട്ടലില്‍ നിന്നു തെരഞ്ഞെടുക്കാം. വിളനാശം സംബന്ധിച്ച് കൃഷിഭവനില്‍ വിവരം അറിയിക്കണം. കൃഷി അസിസ്റ്റന്റുമാര്‍ നാശനഷ്ടമുണ്ടായതിന്റെ ചിത്രങ്ങള്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്ത് നഷ്ടപരിഹാരത്തിനു ശുപാര്‍ശ ചെയ്യും. കര്‍ഷകന്റെ അക്കൗണ്ടിലാണ് നഷ്ടപരിഹാരത്തുക ലഭിക്കുക.

ഇപ്പോഴത്തെ കനത്ത മഴയില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നവംബര്‍ 30നകവും അതിനുമുമ്പ് ലഭിച്ച അപേക്ഷകളില്‍ നവംബര്‍ പത്തിനകവും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൃഷിമന്ത്രി പി. പ്രസാദ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാര്‍ഷിക വിളകള്‍ ഇന്‍ഷുര്‍ ചെയ്ത കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരവും ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള തുകയും ലഭിക്കും. ഇന്‍ഷുര്‍ ചെയ്യാത്തവര്‍ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുള്ള നഷ്ടപരിഹാരത്തുകയാണ് ലഭിക്കുക.

വിളനാശമുണ്ടായ കര്‍ഷകര്‍ക്ക് അതിനുള്ള നഷ്ടപരിഹാരത്തിനു പുറമേ കൃഷി പുനസ്ഥാപിക്കാനും സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നുണ്ട്. വിത നഷ്ടപ്പെട്ടവര്‍ക്ക് നെല്‍വിത്ത് പൂര്‍ണമായും സൗജന്യമായി നല്‍കും.

മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള നഷ്ടപരിഹാരം:

പ്രകൃതി ദുരന്തങ്ങളില്‍ മരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. തഹസില്‍ദാര്‍ക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്. പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരത്തിനായി തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കാം.