പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെ എതിരില്ലാത്തെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു; ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം



മഡ്ഗാവ്:
ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരേ തകര്‍പ്പന്‍ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്.

പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സിനെതിരേ മുംബൈക്ക് മറുപടിയുണ്ടായില്ല.

11-ാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം തുടങ്ങി. അല്‍വാരോ വാസ്‌ക്വസിന്റെ ഷോട്ട് മുംബൈ ഗോളി നവാസ് കഷ്ടിച്ചാണ് രക്ഷപ്പെടുത്തിയത്.

പിന്നാലെ 27-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിലൂടെ മഞ്ഞപ്പട ആദ്യ വെടിപൊട്ടിച്ചു. ജോര്‍ജ് ഡയാസ് ബോക്‌സില്‍ നിന്ന് ലോബ് ചെയ്ത നല്‍കിയ പന്ത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന സഹല്‍ ഉഗ്രനൊരു വോളിയിലൂടെ വലയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വാസ്‌ക്വസിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തി. ജീക്‌സണ്‍ സിങ് നല്‍കിയ പാസില്‍ നിന്ന് ഉഗ്രനൊരു വോളിയിലൂടെയായിരുന്നു വാസ്‌ക്വസിന്റെ ഗോള്‍. സീസണിലെ മികച്ച ഗോളുകളുടെ പട്ടികയില്‍ വാസ്‌ക്വസിന്റെ ഈ ഗോള്‍ ഇടംനേടുമെന്നുറപ്പാണ്. വാസ്‌ക്വസാണ് ഹീറോ ഓഫ് ദ മാച്ചും.

പിന്നാലെ 50-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട മുര്‍ത്താത ഫാളിന് മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചത് മുംബൈക്ക് തിരിച്ചടിയായി. തുടര്‍ന്ന് 40 മിനിറ്റിലേറെ സമയം 10 പേരുമായാണ് മുംബൈ മത്സരം പൂര്‍ത്തിയാക്കിയത്. എങ്കിലും ആ അവസരം മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ജോര്‍ജ് ഡയാസിനെ ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു താരത്തിന് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ഈ ഫൗളിന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയും ചെയ്തു.

51-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് വലയിലെത്തിച്ച് ഡയാസ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.