പൊലീസിന്റെ അനാസ്ഥക്കെതിരെ ഉള്ളിയേരിയിൽ വ്യാപാരി വ്യവസായി സമിതിയുടെ പ്രതിഷേധം


നടുവണ്ണൂർ: പൊലീസിന്റെ അനാഥയ്ക്കെതിരെ ഉള്ളിയേരിയിൽ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു. ഉള്ളിയേരിയിലെ ജ്വല്ലറിയിൽ നിന്ന് ഉടമയെ മർദ്ദിച്ച് സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞിട്ടും അത്തോളി പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്യാത്തതിനാലാണ് വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തിയത്.

കഴിഞ്ഞ മാസം ഒക്ടോബർ 30 ന് ശനിയാഴ്ച പകലാണ് ഉള്ളിയേരിയിലെ പ്രീതി ഗോൾഡ് എന്ന സ്ഥാപനത്തിൽ കയറി സ്ഥാപന ഉടമ ആദിത്യറാവുവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച് രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും മൊബൈൽ ഫോണും എടുത്തു കൊണ്ടു പോയത്. സംഭവം നടന്ന ഉടൻ തന്നെ പോലീസിൽ പരാതി കൊടുക്കുകയും വ്യാപാരി വ്യവസായി സമിതി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പിന്നീട് സമിതി റൂറൽ പോലീസ് സൂപ്രണ്ടിന് പരാതി നൽകുകയുമുണ്ടായി. സമിതി യൂണിറ്റ് ഭാരവാഹികൾ പോലീസ് സ്റ്റേഷനുമായി നിരന്തരം ബന്ധ പ്പെടുന്നുണ്ടങ്കിലും പ്രതിയെ പിടികൂടാൻ പോലീസ് തയ്യാറാകുന്നില്ലന്നുള്ള ആക്ഷേപം യൂണിറ്റ് ഭാരവാഹികൾക്കിടയിലും ശക്തമാവുകയാണ്. പ്രതിയെ പിടികൂടാൻ പൊലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഉള്ളിയേരിയിൽ വ്യാപാരികൾ പ്രകടനം നടത്തിയത്. സമിതിയുടെ ഉള്ളിയേരി യൂണിറ്റ് ഭാരവാഹികളായ സി.എം. സന്തോഷ്, സി.കെ. മൊയ്‌ദീൻകോയ, വേലായുധൻ, സാജിദ്, ഒ.പി. ഗിരീഷ്, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.