പൊയിൽക്കാവിന് കടല മിഠായിപ്പെരുമ
കൊയിലാണ്ടി: പൊയില്‍ക്കാവില്‍ ഏഴംഗ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട കടല മിഠായി യൂനിറ്റ് വിപണി കയ്യടക്കുന്നു. കോവിഡ് കാല പ്രതിസന്ധി മറികടന്നാണ് കടല മിഠായി യൂനിറ്റ് ലാഭകരമായ അവസ്ഥയിലേക്ക് നീങ്ങുന്നത്. ദിവസവും 600 മുതല്‍ 700 കിലോവരെ കടല മിഠായി ഇവര്‍ വിപണിയിലെത്തിക്കുന്നുണ്ട്.
ബീന ബാപ്പുനകണ്ടി, ധന്യ വലിയ പറമ്പില്‍, പ്രീത തനയഞ്ചേരി, ദീപ മമ്മിളി മീത്തല്‍, രജിത പടിഞ്ഞാറെ ചാത്തനാടത്ത്, അംബിക, ശുഭശ്രി എന്നിവരാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. ഇവരെ കൂടാതെ സ്മിത, ബില്‍ഷ, രാജേഷ്, തമിഴ്നാട് സ്വദേശി കബില്‍ രാമചന്ദ്രന് എന്നിവര്‍ ജോലിക്കാരായുമുണ്ട്. ഒരു ടണ്‍ കടല മിഠായി ഉല്‍പ്പാദിപ്പിക്കാനുളള യന്ത്ര സംവിധാനമാണ് യൂനിറ്റില്‍ ഒരുക്കിയത്. എന്നാല്‍ കോവിഡ് കാലത്ത് വിപണിയില്‍ മാന്ദ്യമുണ്ടായതോടെ ഉല്‍പ്പാദനം 700 കിലോവരെയാക്കിയിരിക്കുകയാണ്.
വടക്കന്‍ കേരളത്തില്‍ വിപണി ഉറപ്പിച്ച ഇവരുടെ ഉല്‍പ്പന്നം കടല്‍ കടക്കാനുളള യത്നത്തിലാണ്. സംസ്ഥാനത്തുടനീളമുളള വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിബ്യൂട്ടേഴ്സിനെ ഉപയോഗപ്പെടുത്തിയാണ് കടല മിഠായി വിപണിയിലെത്തിക്കുന്നത്. കൂടാതെ യൂനിറ്റ് സ്വന്തമായും മിഠായികള്‍ വിപണിയിലെത്തിക്കുന്നുണ്ട്. വിദേശത്തെയും ഇതര സംസ്ഥനത്തേയും വിപണി പിടിക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. കോയമ്പത്തൂരില്‍ നിന്നും കൊണ്ടു വന്ന അത്യാധുനിക യന്ത്ര സംവിധാനത്തിന്റെ സഹായത്തോടെയാണ് കടല മിഠായി നിര്‍മ്മാണ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്.
മുന്തിയ ഇനം കടലയാണ് മിഠായി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ പറഞ്ഞു. യന്ത്ര സഹായത്തോടെയാണ് കടല വറുക്കുന്നതും,തൊലി കളയുന്നതുമെല്ലാം. ശര്‍ക്കരയും പഞ്ചസാരയും ചേര്‍ത്തുളള മാവ് തയ്യാറാക്കുന്നതും, ചെറു പലകകളായി മിഠായി നിര്‍മ്മിക്കുന്നതും, അവസാനം പാക്കിംങ്ങും വരെയുളള കാര്യങ്ങളും യന്ത്ര സഹയാത്തോടെയാണ്.
ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബാക്കറികള്‍, പലചരക്ക് കടകള്‍ എന്നിവിടങ്ങളിലെല്ലാം ഇവരുടെ മിഠായിക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്.