പേരാമ്പ്രയുടെ സ്പന്ദനം; അറുപതു സെക്കന്‍ഡില്‍ പേരാമ്പ്രയുടെ സൗന്ദര്യം കാഴ്ചക്കാരിലെത്തിച്ച് ഗൗതം ഹാഷിമും സംഘവും (വീഡിയോ കാണാം)


പേരാമ്പ്ര: അറുപത് സെക്കന്‍ഡില്‍ പേരാമ്പ്ര കണ്ടാലോ? അത്തരത്തില്‍ ഒരു കാഴ്ച വിരുന്നൊരുക്കിയിരിക്കുകയാണ് ഗൗതം ഹാഷിമും കൂട്ടുകാരും. പേരാമ്പ്രക്കാരില്‍ വൈകാരികത ഉണര്‍ത്തുന്ന പേരാമ്പ്രയുടെ സ്പന്ദനമായൊരു വീഡിയോ….പേരാമ്പ്ര സ്വദേശി ഗൗതം ഹാഷിമും കൂട്ടുകാരും ചേര്‍ന്നൊരുക്കിയ കൊച്ചു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. Face of Perambra എന്നു പറഞ്ഞു ഗൗതമിന്റെ അച്ഛനാണ് ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചത്.

പേരാമ്പ്ര നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. പേരാമ്പ്ര മാര്‍ക്കറ്റ്, ബസ്റ്റാന്‍ഡ്, ഓട്ടോ സ്റ്റാന്‍ഡ്, തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാം ഗൗതമിന്റെ വീഡിയോയിലെ കഥാപാത്രങ്ങളാണ്. തൊഴിലാളികള്‍ക്കിടയിലെ സൗഹൃദം, മാര്‍ക്കറ്റില്‍ സാധനങ്ങള്‍ പരസ്പരം കൈമാറുന്നത്, നഗത്തിലൂടെ വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്നത് തുടങ്ങിയ നിരവധി വിഷയങ്ങള്‍ വീഡിയോയില്‍ പങ്കുവെക്കുന്നൂണ്ട്. വെറും അറുപത് സെക്കന്റുകള്‍ മാത്രമാണ് വീഡിയോ എങ്കിലും പേരാമ്പ്രയുടെ സ്പന്ദനങ്ങളെല്ലാം അതില്‍ ഉള്‍പ്പെടുത്താന്‍ ഗൗതമിന് സാധിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴുള്ള സാധാരണ ശബ്ദത്തിനൊപ്പം ചെറിയ മ്യൂസിക്കും ചേര്‍ത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

കായണ്ണ മൊട്ടന്തറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് ഗൗതം പ്ലസ്ടു പഠന പൂര്‍ത്തിയാക്കിയത്. ദിവസവും സ്‌കൂളിലേക്ക് പോകുമ്പോഴും പേരാമ്പ്ര ടൗണില്‍ വരുമ്പോഴും കാണുന്ന കാഴ്ചകള്‍ ഒരു കൗതുകത്തിനായി ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. സഹായത്തിനായി സുഹൃത്തുക്കളും ചേര്‍ന്നതോടെ മികച്ച വീഡിയോ ഒരുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഗൗതം. സുഹൃത്തുക്കളായ മുഹമ്മദ് ഫാദും സുര്യ കിരണുമാണ് വീഡിയോ ചിത്രീകരണത്തിന് ഗൗതമിനെ സഹായിച്ചത്.

പേരാമ്പ്രയില്‍ ഞാന്‍ പോയ ഒരു ദിവസം അത്രയേ അതില്‍ ഉദ്ദേശിച്ചിട്ടുള്ളുവെന്ന് ഗൗതം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മാര്‍ക്കറ്റിലെ തൊഴിലാളികള്‍, യാത്രക്കാര്‍, ട്രാഫിക് പോലീസ്, ബസ് ജീവനക്കാര്‍ തുടങ്ങിയ നിരവധി ആളുകള്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ സൗഹൃദവും മുഖഭാവങ്ങളുമെല്ലാം വീഡിയോയിലുണ്ട്.

 

ഗൗതം ഹാഷിം, ഫുആദ്, സൂര്യ കിരണ്‍

DJI Osmo Pocket ക്യാമറ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമ്പ്യൂട്ടറിലിട്ട് വീഡിയോ എഡിറ്റ് ചെയ്തു. മുന്‍പും ഗൗതം ഇതുപോലെ വീഡിയോ നിര്‍മ്മിച്ചിരുന്നു. ആവളപാണ്ടിയെ ആസ്പദമാക്കി നാട് എന്നൊരു വീഡിയോയും രണ്ട് ആല്‍ബങ്ങളും ചെയ്തിട്ടുണ്ട്. എഡിറ്റിംങിനോടും മോഷന്‍ഗ്രാഫിക്‌സിനോടുമാണ് കൂടുതല്‍ താത്പര്യം. ഭാവിയില്‍ മികച്ച വി.എഫ്.എക്‌സ് ആര്‍ട്ടിസ്റ്റ് ആവണമെന്നാണ് ഗൗതമിന്റെ ആഗ്രഹം.

അധ്യാപകനായ പ്രദീപ് മുദ്രയുടെയും ജിനിയുടെയും മകനാണ്. അല്ലു മിര്‍വൈസ് സഹോദരനാണ്.

വീഡിയോ കാണാം: