പേരാമ്പ്രയുടെ സുസ്ഥിര വികസനത്തിനായി ‘അസറ്റ്’: ട്രസ്റ്റിന്റെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ച് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍; ഉദ്ഘാടനം ഓഗസ്റ്റ് 31ന്


പേരാമ്പ്ര: പേരാമ്പ്രയുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി രൂപീകരിച്ച അസറ്റ്‌ന്റെ (Action for social security and empowerment trust) ലോഗോ പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. പേരാമ്പ്ര നിയോജക മണ്ഡലത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിദ്യാഭ്യാസ ജീവ കാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ട് പോകുന്നതിനാണ് സംഘടന രൂപീകരിച്ചത്.

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കൈ പിടിക്കുമ്പോഴാണ് സാമൂഹ്യ പ്രവര്‍ത്തനം അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ട്രസ്റ്റിന്റെ പ്രതിഭാ പോഷണ പദ്ധതിയില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം ഫയര്‍ ഡാന്‍സിലൂടെ ഗിന്നസ് ബുക്ക് ജേതാവായ അശ്വതിക്ക് നല്‍കി കൊണ്ട് അദ്ദേഹം നിര്‍വ്വഹിച്ചു.

ആദ്യ ഘട്ടത്തില്‍, നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിഭാധനരായ നൂറ് വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. നിരവധി പദ്ധതികള്‍ക്കാണ് ട്രസ്റ്റ് ഊന്നല്‍ കൊടുക്കുന്നത്. നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെ അര്‍ഹരായ പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക, ഓരോ വര്‍ഷവും സമര്‍ത്ഥരായ 100 കുട്ടികളെ കണ്ടെത്തി എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ തുടര്‍ച്ചയായ പ്രത്യേക പരിശീലനം നല്‍കുക,

പഠന വൈകല്യമോ, പിന്നോക്കാവസ്ഥയിലുള്ളതോ ആയ 100 കുട്ടികള്‍ക്ക് പ്രത്യേക പരിശീലന പരിപാടികള്‍, 100 വനിതകള്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കും വിധം അസറ്റ് മെഡികെയര്‍ പ്രോജക്റ്റ്, ഗാര്‍ഹിക പീഠനങ്ങള്‍ക്കു പരിഹാരത്തിനും വയോജന സംരക്ഷണം ഉറപ്പാക്കുന്നതിനും സൗജന്യ നിയമ സഹായവും, കൗണ്‍സിലിങ്ങും ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നല്‍കും.

ജൈവകൃഷി, കൃഷി അനുബന്ധ തൊഴിലുകള്‍ പ്രോത്സാഹിപ്പിക്കുക, പ്രയാസം അനുഭവിക്കുന്ന 25 കലാകാരന്മാര്‍ക്ക് വര്‍ഷംതോറും സഹായമെത്തിക്കുന്ന പദ്ധതി, ഉന്നത വിദ്യാഭ്യാസ മേഖലയില്‍, തിരഞ്ഞെടുത്ത പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ASSET മെറിറ്റ് സ്‌ക്കോളര്‍ഷിപ്പ്, വനിതാ ശാക്തീകരണത്തിനായി തൊഴില്‍ പരിശീലന പരിപാടികളും തൊഴില്‍ കേന്ദ്രങ്ങളും സ്ഥാപിക്കും.

കേന്ദ്ര സര്‍വ്വകലാശാലകള്‍ വിദേശ സര്‍വകലാശാലകള്‍ സിവില്‍ സര്‍വ്വീസ്, മത്സരപരീക്ഷപരിശീലനം തുടങ്ങിയ നിരവധി പദ്ധതികളാണ് അസെറ്റ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 31ന് എം.പി കെ മുരളീധരന്‍ പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനവും ഓഫീസ് ഉദ്ഘാടനവും നിര്‍വ്വഹിക്കും. പേരാമ്പ്ര പ്രസിഡന്‍സി കോളേജ് റോഡില്‍ ആണ് ട്രസ്റ്റിന്റെ ഓഫീസ്. സി.എച്ച്. ഇബ്രാഹിം കുട്ടി, ആര്‍ പി . രവീന്ദ്രന്‍, ചിത്ര രാജന്‍, വി.ബി. രാജേഷ്, യു.സി. അനീഫ, ബൈജു ആയടത്തില്‍, കെ എം. നസീര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.