പേരാമ്പ്രയുടെ അഭിമാനം: നോഹ നിർമൽ ടോം എന്ന ഒളിമ്പ്യൻ ഇന്ത്യയുടെ യശസ്സുയർത്തി; വീട്ടിലെത്തി അഭിനന്ദിച്ച് ടി.പി.രാമകൃഷ്ണൻ എം.എൽ.എ


പേരാമ്പ്ര: ടോക്യോ ഒളിമ്പിക്സിൽ 4×400 മീറ്റർ പുരുഷ റിലേയിൽ പങ്കെടുത്ത ഒളിമ്പ്യൻ നോഹ നിർമൽ ടോമിന്റെ പേരാമ്പ്രയിലെ വീട്ടിലെത്തിയ ടി പി രാമകൃഷ്ണൻ എംഎൽഎ കുടുംബാംഗങ്ങൾക്കൊപ്പം ആഹ്ലാദം പങ്കിട്ടു. നേരിയ വ്യത്യാസത്തിൽ ഫൈനലിൽ കടക്കാനായില്ലെ ങ്കിലും നോഹ ഉൾപ്പെട്ട ടീമിന് പുതിയ ഏഷ്യൻ റെക്കോർഡ് സ്ഥാപിക്കാനായതിൽ അഭിമാനമുണ്ടെന്ന് ടി പി പറഞ്ഞു. തിങ്കളാഴ്ച ടോക്യോയിൽനിന്ന് തിരിക്കുന്ന നോഹ ചൊവ്വാഴ്ച നാട്ടിലെത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് അച്ഛൻ ടോമിച്ചനും അമ്മ ആലീസ് ലീയും പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പി ബാബു, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, വി കെ രവീന്ദ്രൻ എന്നിവരും എംഎൽഎക്കൊപ്പമുണ്ടായി. നാട്ടിലെത്തുന്ന ഒളിമ്പ്യൻ നോഹക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്ന് പ്രസിഡന്റ്‌ എൻ പി ബാബു അറിയിച്ചു.