പേരാമ്പ്രയുടെ അഭിമാനം; ഒളിമ്പ്യന്‍ നോഹ നിർമൽ ടോമിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി മന്ത്രി എ.കെ ശശീന്ദ്രന്‍


പേരാമ്പ്ര: ടോക്യോ ഒളിമ്പിക്സിൽ 4×400 മീറ്റർ പുരുഷ റിലേയിൽ ഏഷ്യൻ റെക്കോർഡ് സ്ഥാപിച്ച ടീമിൽ അംഗമായ നോഹ നിർമൽ ടോമിന്റെ പേരാമ്പ്രയിലെ വസതിയിലെത്തിയ മന്ത്രി എ.കെ ശശീന്ദ്രൻ കുടുംബാംഗങ്ങളെ സംസ്ഥാന സർക്കാരിന്റെ അഭിനന്ദനമറിയിച്ചു. മന്ത്രി കുടുംബത്തിന് മധുര പലഹാരക്കൂട് സമ്മാനിച്ചു. ലോക കായിക രംഗത്ത് ഇന്ത്യയുടെ യശസ്സുയർത്തിയ നോഹ മലയാളികൾക്കാകെ അഭിമാനമാണെന്നും പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടാൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.

വീട്ടിലെത്തിയ മന്ത്രിയെ നോഹയുടെ മാതാപിതാക്കളും സഹോദരങ്ങളും സ്വീകരിച്ചു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ പ്രമോദ്, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്‌ കെ സുനിൽ, പഞ്ചായത്തംഗം ശ്രീലജ പുതിയെടുത്ത്, സഫ മജീദ്, പി പി രാമകൃഷ്ണൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.