പേരാമ്പ്രയിൽ ടാക്സി കാറിനു നേരെ ആക്രമണം; കാർ തടഞ്ഞിട്ട് ടയറുകൾ കുത്തിക്കീറി


പേരാമ്പ്ര: എറണാകുളത്ത് നിന്നെത്തിയ ടാക്‌സി കാര്‍ പേരാമ്പ്രയിൽ തടഞ്ഞ് നിര്‍ത്തി ടയറുകള്‍ കുത്തിക്കീറിയതായി പരാതി. കല്ലോട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം സംസ്ഥാന പാതയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. നെടുമ്പാശേരി വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന കെ എല്‍ 63 സി 6264 നമ്പര്‍ ഇന്നോവ ടാക്‌സി കാറാണ് കേടു വരുത്തിയത്.

നരിപ്പറ്റ സ്വദേശി ഷലിന്‍ രാജ് വിളിച്ചുവന്നതാണ് ഈ വാഹനം. ഇയാളെ വീടിന് സമീപം ഇറക്കിയശേഷം തിരിച്ച് നെടുമ്പാശേരിക്ക് പോകുന്നതിനിടയിലാണ് അക്രമം നടന്നതെന്ന് ഡ്രൈവര്‍ എറണാകുളം കാഞ്ഞൂര്‍ സ്വദേശി കെ പി അനീഷ് പരാതിപ്പെട്ടു. രണ്ട് കാറുകളിലായി എത്തിയ ആറു പേരാണ് ഇന്നോവ തടഞ്ഞിട്ട് ടയറുകള്‍ കുത്തിക്കീറിയത്.

എറണാകുളം രജിസ്‌ട്രേഷനുള്ള എര്‍ട്ടിഗ കാറിലും നമ്പര്‍ പ്ലെയിറ്റ് മറച്ച സ്വിഫ്റ്റ് ഡിസയര്‍ കാറിലുമായാണ് അക്രമിസംഘം എത്തിയത്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. സംഘത്തിലുള്ള ഒരാള്‍ നെടുമ്പാശേരിയില്‍ കള്ള ടാക്‌സി ഓടിക്കുന്ന വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞതായി അനീഷ് പൊലീസിനോട് പറഞ്ഞു.
സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും ആക്രമിക്കാനുള്ള കാരണവും ഇദ്ദേഹത്തിന് അറിയില്ല. വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം സജീവ് കുമാർ പറഞ്ഞു.