പേരാമ്പ്രയില്‍ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു


പേരാമ്പ്ര: പേരാമ്പ്രയില്‍ വീടിന് നേരെ ബോംബാക്രമണം. മുളിയങ്ങല്‍ നടുക്കണ്ടി കലന്തന്റെ വീടിന് നേരെയാണ് അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞത്. ഇന്നലെ രാത്രി രണ്ടരയോടെയാണ് ആക്രമണം.

ആക്രമണ സമയത്ത് കലന്തന്റെ ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല. വീട്ടുസാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് വീടിന്റെ ചുമരിമലേക്കും തീ പടര്‍ന്നിരുന്നു. വീടിന് സമീപത്ത് നില്‍ക്കുന്ന ആളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കലന്തന്റെ മകന്‍ ഹാഫിസിന്റെ കാലൊടിഞ്ഞു.

സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. വടകരയില്‍ നിന്ന് ഇന്ന് ബോംബ് സ്‌ക്വേഡ് എത്തി സ്ഥലത്ത് പരിശോധന നടത്തുന്നതാണ്.