പേരാമ്പ്രയില്‍ വീടിന് നേരെയുള്ള പെട്രോള്‍ ബോംബാക്രമണത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കം; അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്


പേരാമ്പ്ര: കഴിഞ്ഞ ദിവസം വീടിന് നേരെയുണ്ടായ പെട്രോള്‍ ബോംബ് ആക്രമണത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് സൂചന. വിദേശത്തു നിന്നുള്ള സാമ്പത്തിക തര്‍ക്കമാണ് മുളിയങ്ങലിലെ നടുക്കണ്ടി കലന്തന്റെ വീടിന് നേരെയുള്ള ബോംബാക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. പുലര്‍ച്ചെ രണ്ടരയോടെയാണ് കലന്തന്റെ വീടിനു നേരെ അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞത്.

ആക്രമണ സമയത്ത് കലന്തന്റെ ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. വീട്ടുസാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് വീടിന്റെ ചുമരിമലേക്കും തീ പടര്‍ന്നിരുന്നു. വീടിന് സമീപത്ത് നില്‍ക്കുന്ന ആളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കലന്തന്റെ മകന്‍ ആഫിസിന്റെ കാലൊടിഞ്ഞിരുന്നു. വടകരയില്‍ നിന്ന് ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ എത്തി സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു.

നേരത്തേ കായണ്ണ ഗ്രാമ പഞ്ചായത്തംഗം മുതിരക്കാലയില്‍ പി.സി ബഷീറിന്റെ വീട്ടില്‍ ഒരു സംഘം ആക്രമണം നടത്തിയതോടെയാണ് പ്രദേശത്ത് അക്രമ പരമ്പര ആരംഭിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഒരു സംഘമാളുകള്‍ ബഷീറിന്റെ വീടിന് നേരെ അക്രമം നടത്തിയത്. അക്രമികള്‍ ബഷീറിന്റെ കുടുംബത്തെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്തിരുന്നു.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബഷീര്‍ ഇടപെട്ടിരുന്നുവെന്നും തങ്ങളുടെ സ്വര്‍ണ്ണം ബഷീര്‍ തട്ടിയെടുത്തു എന്നും ആരോപിച്ചാണ് അക്രമികള്‍ ബഷീറിന്റെ വീടാക്രമിച്ചത്. സ്വര്‍ണ്ണം തിരിച്ച് നല്‍കിയില്ലെങ്കില്‍ ബഷീറിനെ വെറുതേ വിടില്ലെന്ന ഭീഷണിയും അക്രമികള്‍ മുഴക്കിയിരുന്നു. ബഷീറിന്റെ പരാതിയെ തുടര്‍ന്ന് മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസിലെ ഒരു പ്രതിയാണ് കലന്തന്റെ മകന്‍ ആസിഫ്.

ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരു സംഘങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും തര്‍ക്കങ്ങളും വീട് ആക്രമിക്കുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. അര്‍ധരാത്രിയിലുള്ള ഈ ആക്രമണങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

അതേസമയം ബോംബേറിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്നത് സംബന്ധിച്ച തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ലെന്ന് പേരാമ്പ്ര സി.ഐ സജീവ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഫോണില്‍ ഭീഷണി മുഴക്കിയതിന്റെ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വീട്ടുകാരില്‍ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിദേശ നമ്പറില്‍ നിന്നാണ് ഫോണ്‍ വന്നത്. എസ്.ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

’20 കിലോഗ്രാം സ്വര്‍ണ്ണം മധ്യസ്ഥം പറഞ്ഞു കട്ടു തിന്നു. ആ പണം തിരികെ തരാതെ നിന്നെയും കുടുംബത്തെയും വെറുതെ വിടില്ല’എന്നാണ് അക്രമികള്‍ ആക്രോശിച്ചതെന്ന് കായണ്ണ ഗ്രാമ പഞ്ചായത്തംഗം മുതിരക്കാലയില്‍ പി.സി ബഷീര്‍ പറഞ്ഞു. കാറില്‍ സുക്ഷിച്ചിരുന്ന ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് ഇവര്‍ ആക്രമിക്കാനും ശ്രമിച്ചിരുന്നു. ഒഴിഞ്ഞ് മാറിയതിനാലാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിടിച്ചാണ് ഇവര്‍ എത്തിയ കാര്‍ നിര്‍ത്തിയത്. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും മൃദു സമീപനമാണ് പോലീസ് സ്വീകരിച്ചതെന്നും ബഷീര്‍ ആരോപിച്ചു.

പോലീസ് സ്റ്റേഷനില്‍ നിന്ന് തിരികെ എത്തിയ ഇവര്‍ കായണ്ണബസാറില്‍ നിന്ന് വീണ്ടും പോര്‍വിളി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടിന് ഇന്നലെ കാവല്‍ നില്‍ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംഘം ആരോപിക്കുന്ന തരത്തില്‍ താനൊരു മധ്യസ്ഥ ചര്‍ച്ചയ്ക്കും നിന്നിട്ടില്ലെന്നും ഇവരടെ ആരോപണത്തിന് പിന്നിലുള്ള വസ്തുത എന്താണെന്നറിയില്ലെന്നും ബഷീര്‍ പറഞ്ഞു.

മുളിയങ്ങലില്‍ പെട്രോള്‍ ബോംബാക്രമണം നടന്ന വീട്ടിലെ ആസിഫിനു പുറമെ അസിന്‍ അബൂബക്കര്‍, സുഹൈര്‍ എന്നിവര്‍ ചേര്‍ന്നാണ് തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയതെന്നാണ് ബഷീര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.