പേരാമ്പ്രയില്‍ രഹസ്യമായുള്ള എഴുത്തു ലോട്ടറി വില്‍പ്പന സജീവം; പൊലീസ് നിരീക്ഷണം ശക്തമാക്കി


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ രഹസ്യമായി എഴുത്തുലോട്ടറികളുടെ വില്‍പ്പന സജീവം. പേരാമ്പ്ര ടൗണിലും സമീപപ്രദേശങ്ങളിലെ പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുമാണ് വില്‍പ്പന നടക്കുന്നത്. പേരാമ്പ്ര ബസ്സ്റ്റാന്‍ഡും കള്ള്ഷാപ്പ് റോഡും ഇത്തരം വില്‍പ്പനക്കാരുടെ സ്ഥിരം താവളങ്ങളാണ്. അംഗീകാരമുള്ള ചില ലോട്ടറിക്കടകള്‍ കേന്ദ്രീകരിച്ച് എഴുത്തുലോട്ടറി വില്‍പ്പന നടക്കുന്നുണ്ടെന്ന പരാതിയുമായി തൊഴിലാളിസംഘടനതന്നെ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കടകള്‍ക്ക് സമീപ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള വില്‍പ്പന നടക്കുന്നത്. ഇതിനെതിരായ പരാതിയില്‍ ഏതാനും ദിവസങ്ങളായി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

കേരളസംസ്ഥാന ഭാഗ്യക്കുറിയുടെ അവസാനത്തെ മൂന്നുനമ്പറുകളാണ് എഴുത്തുലോട്ടറിയില്‍ എഴുതിയിടേണ്ടത്. ഒരെണ്ണം എഴുതിയിടാന്‍ പത്തുരൂപ വാങ്ങും. ഒരാള്‍ക്ക് എത്രയെണ്ണം വേണമെങ്കിലും എഴുതിയിടാം. ഒന്നാംസമ്മാനാര്‍ഹമായ ടിക്കറ്റുമായി ചേര്‍ന്നുവന്നാല്‍ അയ്യായിരം രൂപയാണ് ലഭിക്കുക. ലോട്ടറി നറുക്കെടുക്കുന്ന ദിവസം ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് എഴുത്തുലോട്ടറിയുടെ വില്‍പ്പന. ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് വാങ്ങിയ ടിക്കറ്റിന്റെ നമ്പറും എണ്ണവും രേഖപ്പെടുത്തുന്ന രശീതിയും ഇവര്‍ നല്‍കുന്നുണ്ട്. സമ്മാനം ലഭിച്ചുകഴിഞ്ഞാല്‍ വില്‍പ്പനക്കാര്‍ പറയുന്ന സ്ഥലത്തുപോയി പണം കൈപ്പറ്റുന്നതാണ് രീതി.

കഴിഞ്ഞദിവസം ഒരു ലോട്ടറി വില്‍പ്പനക്കാരന്റെ ശബ്ദസന്ദേശം നമ്പര്‍ മാറി മറ്റുള്ളവര്‍ക്ക് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് പേരാമ്പ്രയില്‍ എഴുത്തുലോട്ടറി സജീവമാണെന്ന് കൂടുതല്‍ വ്യക്തമായ സൂചന ലഭിച്ചത്. പോലീസിനും ഇത് കൈമാറിയിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് സംഘം പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ നിരിക്ഷണം നടത്തിയിരുന്നു. എഴുത്ത് ലോട്ടറി നടത്താന്‍ പണമിറക്കി നിയന്ത്രിക്കുന്ന സംഘങ്ങളുണ്ടെന്നും ജില്ലയുടെ പലഭാഗങ്ങളില്‍ ഇതിനായി ഏജന്റുമാരുണ്ടെന്നുമാണ് പറയുന്നത്.

കൂടുതല്‍പേര്‍ ഇതിലേക്ക് തിരിയുന്നതോടെ അംഗീകൃതമായ സംസ്ഥാനഭാഗ്യക്കുറി വില്‍പ്പനയ്ക്കാണ് തിരിച്ചടിയാകുന്നത്. പേരാമ്പ്രയില്‍മാത്രം 40-ഓളം ലോട്ടറി കടകളുണ്ട്. 300-ഓളംപേരും ഇതിനെ ആശ്രയിച്ച് വില്‍പ്പനക്കാരായി കഴിയുന്നുമുണ്ട്. ഒരു മുതല്‍മുടക്കുമില്ലാതെ നടക്കുന്ന എഴുത്തുലോട്ടറി ഇവരുടെ ലോട്ടറി വില്‍പ്പനയെയാണ് ബാധിക്കുന്നത്.