പേരാമ്പ്രയില്‍ തെങ്ങുവീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്


പേരാമ്പ്ര: തൊഴിലുറപ്പുജോലിക്കിടെ തെങ്ങ് കടപുഴകിവീണ് തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് പരിക്ക്. പേരാമ്പ്ര കുഴിപ്പറമ്പില്‍ മീത്തല്‍ കുഞ്ഞായിശ (61)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ ആറാംവാര്‍ഡില്‍പ്പെട്ട അയ്യപ്പന്‍ ചാലില്‍ ബാലകൃഷ്ണന്റെ പറമ്പില്‍ തൊഴിലുറപ്പുജോലി ചെയ്യുന്ന സ്ഥലത്ത് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. പണിക്കിടെ പറമ്പിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു കുഞ്ഞായിശ. കാലിലാണ് തെങ്ങ് വീണത്. കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്.

ശബ്ദംകേട്ട് ഒഴിഞ്ഞുമാറിയതിനാലാണ് തലയ്ക്ക് പരിക്കില്ലാതെ രക്ഷപ്പെട്ടതെന്ന് കുഞ്ഞായിശ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. മുഖത്തും കൈകളിലും നെഞ്ചിലും ചെറിയ പരിക്കുകളുണ്ടെന്നും അവര്‍ അറിയിച്ചു.

കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളാണ് കുഞ്ഞായിശയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം കല്ലോടുള്ള താലൂക്ക് ആശുപത്രിയിലും പിന്നീട് ഇ.എം.എസ് ആശുപത്രിയിലും കൊണ്ടുപോയി. എക്‌സ്‌റേയില്‍ കാലിന് പൊട്ടലുണ്ട്.