പേരാമ്പ്രയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ഡീസല്‍ ചോര്‍ന്നു; സമയോചിതമായി ഇടപ്പെട്ടതിനാല്‍ അപകടം ഒഴിവായി


പേരാമ്പ്ര: ഫറൂഖില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്ന് ഡീസല്‍ ചോര്‍ച്ച. പേരാമ്പ്ര കൈതക്കലില്‍ വച്ച് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വന്‍അപകടം ഒഴിവായി. അഗ്‌നിശമന സേന അംഗങ്ങളും സോഷ്യല്‍ ഡിഫെന്‍സ് അംഗങ്ങളും ചേര്‍ന്ന് ടാങ്കറിന്റെ ചോര്‍ച്ച അടച്ച് അപകടം ഒഴിവാക്കുകയായിരുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ടാങ്കറില്‍ നിന്നാണ് ഡീസല്‍ ചോര്‍ന്നത്. ഫറൂഖില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് വരുകയായിരുന്ന കെ.എല്‍ 39 എല്‍ 1296 നമ്പര്‍ ടാങ്കര്‍ ലോറിയിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ടാങ്കിന്റെ സപ്ലെ പൈപ്പിന്റെ വാല്‍വിന്റെ സമീപത്ത് നിന്നായിരുന്നു ഡീസല്‍ ലീക്കായത്.

പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാര്‍ സബ്ബ് ഇന്‍സ്പെക്ടര്‍ എം.എം ബാബുരാജിന്റെ നേത്രത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. പേരാമ്പ്ര ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരിശന്‍,സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ പി.സി. പ്രേമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ സേനയ്‌ക്കൊപ്പം പങ്കെടുത്തു.