പേരാമ്പ്രയില്‍ ഇന്ന് മുതല്‍ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കാം; പഞ്ചായത്തിലെ വാര്‍ഡുകളെ കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയില്‍ നിന്നൊഴിവാക്കി
പേരാമ്പ്ര: ജില്ലയിലെ പുതുക്കിയ കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയില്‍ നിന്ന് പേരാമ്പ്ര പഞ്ചായത്തിലെ വാര്‍ഡുകള്‍ ഒഴിവായി. ഇതോടെ നഗരത്തിലെ മുഴുവന്‍ കടകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. പേരാമ്പ്ര പഞ്ചായത്തിലെ 4, 5, 13 വാര്‍ഡുകളാണ് കഴിഞ്ഞ ആഴ്ച കണ്ടെയിന്മെന്റ് സോണുകളിലുള്പ്പെട്ടിരുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇവിടെ അവശ്യ സര്‍വ്വീസുകളൊഴികെ മറ്റൊന്നിനും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.
അശാസ്ത്രീയമായ അടച്ചിടലിനെതിരെ ഈ വാര്‍ഡുകളില്‍ ഉള്‍പ്പെട്ടിരുന്ന വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണായ വാര്‍ഡുകളിലെ കടകള്‍ തുറന്നാണ് വ്യാപാരികള്‍ പ്രതിഷേധിച്ചത്. ഇത് വ്യാപാരികളും പോലീസും തമ്മില്‍ വാക്കു തര്‍ക്കത്തിനും ഇടയാക്കിയിരുന്നു. അശാസ്ത്രീയമായ രീതിയാണ് കടകള്‍ അടച്ചിടാന്‍ നിര്‍ദേശിക്കുന്നതെന്നും റോഡിന്റെ ഒരുവശത്ത് കടകള്‍ തുറന്നിടുകയും മറുവശത്ത് അടച്ചിടാന്‍ പറയുകയും ചെയ്യുന്നതില്‍ എന്തടിസ്ഥാനമാണുള്ളതെന്നാണ് വ്യാപാരികള്‍ ചോദിച്ചത്. മാര്‍ക്കറ്റ് പരിസരത്തെ ഫാന്‍സി ഷോപ്പുകള്‍ തുറന്നത് പോലീസ് അടപ്പിക്കാന്‍ ശ്രമിച്ചതും വാക്കു തര്‍ത്തിന് ഇടയാക്കിയിരുന്നു.
കണ്ടെയിന്മന്റ് സോണുകളുടെ പട്ടികയില്‍ നിന്ന് മുഴുവന്‍ വാര്‍ഡുകളും മാറിയതോടെ പേരാമ്പ്ര പഞ്ചായത്തിലെ എല്ലാ കടകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇതോടെ വ്യാപാരികളുടെ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.