‘പേരാമ്പ്രയിലെ ‘സുഭിക്ഷ’ സംസ്ഥാനത്തെ ഏറ്റവും വിജയകരമായ സൂക്ഷ്മ തൊഴില്‍ സംരംഭം’; ബ്ലോക്ക് പഞ്ചായത്തിനെ പ്രകീര്‍ത്തിച്ച് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്‌


പേരാമ്പ്ര: പേരാമ്പ്രയിലെ സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസിംഗ് കമ്പനി സംസ്ഥാനത്തെ ഏറ്റവും വിജയകരമായ സൂക്ഷ്മ തൊഴില്‍ ക്ലസ്റ്റര്‍ എന്ന് വിശേഷിപ്പിച്ച് മുന്‍ധനകാര്യ മന്ത്രി തോമസ് ഐസക്. ഫേസ്ബുക്കില്‍ ജനകീയാസൂത്രണ ജനകീയ ചരിത്രം പറയുന്ന കുറിപ്പുകളുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേട്ടങ്ങള്‍ വിവരിക്കവേയാണ് തോമസ് ഐസക് സുഭിക്ഷയെ പ്രകീര്‍ത്തിക്കുന്നത്.

‘ഇന്ന് സുഭിക്ഷം 45-ഓളം ഉല്‍പന്നങ്ങള്‍, ആറുകോടി ടേണ്‍ഓവറും 600-ഓളം സ്ത്രീകള്‍ക്ക് പ്രത്യക്ഷമായും, 500 ഓളം സ്ത്രീകള്‍ക്ക് പരോക്ഷമായും ജോലി, 15 ഏക്കര്‍ സ്ഥലം, 5000ച.മീറ്റര്‍ കെട്ടിടങ്ങള്‍, ഉല്‍പാദന വൈവിധ്യത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും മാതൃകയാണ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു’ അദ്ദേഹം പറയുന്നു. സുഭിക്ഷയ്ക്കു പുറമേ പേരാമ്പ്രയുടെ നീര്‍ത്തട വികസന പരിപാടിയെക്കുറിച്ചും തോമസ് ഐസക് കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

തോമസ് ഐസക്കിന്റെ കുറിപ്പു വായിക്കാം:

സംസ്ഥാനത്തെ ഏറ്റവും വിജയകരമായ സൂക്ഷ്മ തൊഴില്‍ സംരംഭ ക്ലസ്റ്റര്‍ ഏതെന്നു ചോദിച്ചാല്‍ നിസംശയം പറയാം പേരാമ്പ്രയിലെ ‘സുഭിക്ഷ’-യാണ്. നാളീകേര വികസന ബോര്‍ഡ് രൂപം നല്‍കിയ കോക്കനട്ട് പ്രൊഡ്യൂസിംഗ് കമ്പനികള്‍ എല്ലാം തന്നെ പ്രവര്‍ത്തനരഹിതമായപ്പോള്‍ ഈ നാളീകേര ക്ലസ്റ്റര്‍ വിജയത്തിന്റെ രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്. ഇതിന്റെ സൂത്രധാരനാണ് ജനകീയാസൂത്രണം പേരാമ്പ്ര ബ്ലോക്ക് കോ ഓര്‍ഡിനേറ്ററായിരുന്ന കുഞ്ഞുമുഹമ്മദ്. സാക്ഷരതാ പ്രസ്ഥാനത്തില്‍ എ.പി.ഒ ആയി പ്രവര്‍ത്തിച്ചിരുന്നു. 2000 മുതല്‍ 10 വര്‍ഷം ബ്ലോക്ക് പ്രസിഡന്റും അഞ്ചുവര്‍ഷം ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്നു.

പ്രചോദനം മാരാരിക്കുളത്തെ മാരി കമ്പനിയായിരുന്നു. ഇന്ന് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സിലറായ സജി ഗോപിനാഥും എം. മുകുന്ദ് ദാസ് എന്നിവര്‍ രണ്ടുപേരും ചേര്‍ന്നാണ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2006-ല്‍ ഏഴായിരം സ്ത്രീകള്‍ ഷെയര്‍ ഹോള്‍ഡര്‍മാരായി സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസിംഗ് കമ്പനി രൂപീകരിച്ചു. ഇന്ന് സുഭിക്ഷം 45-ഓളം ഉല്‍പന്നങ്ങള്‍, ആറുകോടി ടേണ്‍ഓവറും 600-ഓളം സ്ത്രീകള്‍ക്ക് പ്രത്യക്ഷമായും, 500 ഓളം സ്ത്രീകള്‍ക്ക് പരോക്ഷമായും ജോലി, 15 ഏക്കര്‍ സ്ഥലം, 5000ച.മീറ്റര്‍ കെട്ടിടങ്ങള്‍, ഉല്‍പാദന വൈവിധ്യത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും മാതൃകയാണ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം പ്രോജക്ടുകള്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇവ സംസ്ഥാന കുടുംബശ്രീ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ഉത്തമം എന്ന് ബഡ്ജറ്റില്‍ പറഞ്ഞിരുന്നു. ഇവയെ കൂടുതല്‍ വികസിപ്പിക്കുന്നതിന് പണവും നീക്കിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സുഭിക്ഷ കുടുംബശ്രീയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

സുഭിക്ഷ പോലെതന്നെ പേരാമ്പ്രയുടെ നീര്‍ത്തട വികസനപരിപാടിയും ശ്രദ്ധേയമായിരുന്നു. ഐ.ആര്‍.ടി.സി ആയിരുന്നു പരിശീലനവും സാങ്കേതിക സഹായവും. 6000 സന്നദ്ധ പ്രവര്‍ത്തകള്‍ രേഖ തയ്യാറാക്കുന്നതില്‍ പങ്കാളികളായി. നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി എ.കെ.ആന്റണി ‘വികസന പ്രവര്‍ത്തനങ്ങളുടെ തീര്‍ത്ഥാടന കേന്ദ്രമായി പേരാമ്പ്ര മാറും” എന്ന് പ്രഖ്യാപിച്ചു.

നീര്‍ത്തടാധിഷ്ഠിത വികസനത്തിന്റെ ഭാഗമായി ഒരു ലക്ഷം മഴക്കുഴികള്‍ നിര്‍മ്മിച്ചു. ക്ഷീരസംഘങ്ങള്‍ സജീവമായി. പുരയിടകൃഷിക്ക് ഊന്നല്‍ നല്‍കി. ജല സംരക്ഷണത്തിന് നിര്‍മ്മാണങ്ങള്‍ നടത്തി. ബ്ലോക്ക്, പഞ്ചായത്ത്, നീര്‍ത്തടം അടിസ്ഥാനത്തില്‍ ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ചു. IRTCയില്‍ വച്ച് 5 ദിവസം നീണ്ട പരിശീലനം ജന പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കി.

പുഴസംരക്ഷണത്തിന് ഈറ്റയും മുളയും വെച്ചു പിടിപ്പിച്ചു. കരിങ്കല്‍ക്കെട്ടുകള്‍ എല്ലാ
സ്ഥലത്തും വേണ്ടതില്ല. ഇതിന്റെ പരിശീലനം ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് നല്‍കിയത്. ഈറ്റ, മുളംകാടുകള്‍ എന്നിവ വഴി പുഴയോരത്തെ സംരക്ഷിക്കുന്നതിന് സാധിക്കും എന്നതിന്റെ തെളിവാണ് ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് പുഴയുടെ തീരം. ഈറ്റ, മുളംകാടുകള്‍ സമൃദ്ധമായി വളര്‍ന്നതോടെ മണ്ണിടിച്ചില്‍ ഇല്ല. കുറ്റ്യാടിപ്പുഴയുടെ ചങ്ങരോത്ത് മുതല്‍ ചെറുവണ്ണൂര്‍ വരെയുള്ള പുഴയുടെത്തീരത്ത് ഈറ്റയും, മുളയും വെച്ചുപിടിപ്പിച്ചെങ്കിലും തുടര്‍ച്ചയായി സംരക്ഷിക്കാന്‍ സാധിച്ചില്ല.

നീര്‍ത്തട പദ്ധതിയുടെ ഭാഗമായി 35 വര്‍ഷമായി കൃഷിയിറക്കാത്ത ആവളപ്പാണ്ടിയില്‍ 5000 സന്നദ്ധ പ്രവര്‍ത്തകര്‍ പാടം വൃത്തിയാക്കി. അവിടെ വീണ്ടും കൃഷിയിറക്കി. പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ വികസനവും ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു സുപ്രധാന നേട്ടമായിരുന്നു. 2003-ല്‍ വിദ്യാഭ്യാസത്തിന് ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ ആരംഭിച്ചു. അതിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് സുകുമാര്‍ അഴീക്കോട് പ്രഖ്യാപിച്ചു ‘ഗ്രാമങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഇതാ ഒരു പുതിയ നക്ഷത്രമുദിച്ചിരിക്കുന്നു. അതാണ് ജനകീയാസൂത്രണം”

2003, 2004, 2012 എന്നിങ്ങനെ മൂന്ന് തവണ സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ലഭിച്ചു. 2006-ലും 2012-ലും ദേശീയ തലത്തില്‍ അംഗീകാരം നേടി. രാജീവ് ഗാന്ധി പുരസ്‌കാരം ലഭിച്ചു.