പേരാമ്പ്രയിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങി; പകരം സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമം ആരംഭിച്ചുവെന്ന് വാട്ടര്‍ അതോറിറ്റി


പേരാമ്പ്ര: പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങി. പേരാമ്പ്ര വാട്ടര്‍ അതോറിറ്റി ഓഫീസിന് കീഴിലെ ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, ചങ്ങരോത്ത്, എന്നീ പഞ്ചായത്തുകളിലെ ചില ഭാഗങ്ങളിലാണ് കുടിവെള്ളം മുടങ്ങിയത്.

പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. കുറ്റ്യാടി അണക്കെട്ടില്‍ നിന്നുള്ള ജപ്പാന്‍ കുടിവെള്ള വിതരണ പൈപ്പുമായി ബന്ധിപ്പിച്ച് ജലവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ജലവിതരണം പുനഃസ്ഥാപിക്കുന്നത് വരെ അതാത് പഞ്ചായത്തുകളുടെ ചെലവില്‍ ടാങ്കര്‍ ലോറി എത്തിച്ചാല്‍ കുടിവെള്ളം അടിയന്തിര പ്രാധാന്യത്തോടെ നിറച്ച് കൊടുക്കുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ കോഴിക്കോട് ഭാഗത്തേക്കുള്ള ജല ശുദ്ധീകരണ കേന്ദ്രത്തില്‍ നിന്നാണ് ടാങ്കറുകള്‍ക്ക് വെള്ളം നല്‍കുക.

കുറ്റ്യാടി അണക്കെട്ടിന്റെയും അനുബന്ധ കനാലിന്റെ തുടക്കഭാഗത്തെയും ശാക്തീകരണ പ്രവൃത്തിക്ക് വേണ്ടി അണക്കെട്ടില്‍ നിന്ന് കനാലിലൂടെ വെള്ളം ഒഴുക്കി വിടാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ശാക്തീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാവാന്‍ ഒരു മാസം കൂടി ആവശ്യമാണ്. നിര്‍ത്തി വയ്ക്കാന്‍ കഴിയാത്ത പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത് എന്ന അറിയിപ്പ് ലഭിച്ചതായും വാട്ടര്‍ അതോറിറ്റി പേരാമ്പ്ര പി.എച്ച് സബ് ഡിവിഷന്‍ ഓഫീസ് അറിയിച്ചു.