പേരാമ്പ്ര സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചവശനാക്കി റോഡരികില്‍ തള്ളിയ സംഭവം; ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേര്‍ കസ്റ്റഡിയില്‍, പ്രതികളെ പിടികുടിയത് 24 മണിക്കൂറുകള്‍ക്കുള്ളില്‍


പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ യുവാവിനെ കാറില്‍ക്കയറ്റി കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ച ക്വാട്ടേഷന്‍ സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. ആലപ്പുഴയില്‍നിന്നുമാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൊല്ലം ശാസ്താംകോട്ട സ്വദേശികളായ സയ്യിദ് മുഹമ്മദ് കഹാര്‍, നിയാസ് എന്നിവരാണ് പിടിയിലായത്. പേരാമ്പ്ര പൈതോത്ത് വളയംകണ്ടത്ത് ജിനീഷിനെ അക്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായിരിക്കുന്നത്.

ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കൊപ്പം രണ്ടുപേര്‍കൂടി കാറിലുണ്ടായിരുന്നു. പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തുവരുകയാണ്. ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. എം. സുജിലേഷ്, എസ്.സി.പി.ഒ. സി.എം. സുനില്‍കുമാര്‍, സി.പി.ഒ.മാരായ ജോജോ ജോസഫ് കെ. ബൈജു. സക്കീര്‍, ജയ്കിഷോര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

23ന് വൈകുന്നേരം അഞ്ചു മണിയോടുകൂടിയാണ് നാലംഗസംഘം യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി പയ്യോളിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്. മര്‍ദ്ദനമേറ്റ ജിനീഷ് പയ്യോളി- പേരാമ്പ്ര റോഡിലൂടെ ജീവന്‍ രക്ഷാര്‍ഥം ഓടിയെങ്കിലും അവശനായി വീണതോടെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ആദ്യം അവശനായി നിലവിളിച്ചോടുന്ന യുവാവിനെ കണ്ട് നാട്ടുകാരും പിന്നാലെ പോവുകയായിരുന്നു. എന്നാല്‍ അക്രമികള്‍ പിന്നിലുണ്ടെന്ന ഭയത്തില്‍ സമീപത്തെ വീടുകളിലേക്ക് ജിനീഷ് ഓടിക്കയറിയെങ്കിലും സുരക്ഷിതമല്ലെന്ന തോന്നലില്‍ വീണ്ടും റോഡിലൂടെ ഓടുകയായിരുന്നു. ഒടുവില്‍ നെല്ലേരി മാണിക്കോത്ത് ക്ഷേത്രത്തിന് സമീപമെത്തിയതോടെ റോഡരുകില്‍ തളര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പയ്യോളി പോലീസിനെ വിവരമറിയ്ക്കുകയായിരുന്നു.

ഇതിനുശേഷം പേരാമ്പ്ര പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് ആലപ്പുഴയില്‍ വെച്ച് സംഘത്തെ പിടികൂടിയത്. പ്രതികളെ ഞായറാഴ്ച്ച രാത്രി 11 മണിയോടെ പേരാമ്പ്രയില്‍ എത്തിക്കുകയായിരുന്നു. ഇന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.